ഭാര്യയുടെ സുഹൃത്തിനെ പ്രണയിച്ചു ലിവിങ് ടുഗെദർ, പിന്നെ കല്യാണം: യുവതിക്ക് മറ്റാരുമായോ അവിഹിതമെന്ന സംശയം മൂലം കൊലയും
ചോറ്റാനിക്കര: രണ്ടാം ഭാര്യയെ ഷൈജു കൊലപ്പെടുത്തിയത് അവിഹിതബന്ധമെന്ന സംശയത്തെ തുടർന്ന്. ചോറ്റാനിക്കര എരുവേലി പാണക്കാട്ട് ഷൈജുവാണ് ഭാര്യ ശാരിയെ (37) കൊലപ്പെടുത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു.
ക്രിസ്മസ് രാത്രി പത്തരയോടെയാണു ശാരിയെ ഷൈജുവും സുഹൃത്തുക്കളും ചോറ്റാനിക്കരയിലെ ആശുപത്രിയിൽ എത്തിച്ചത്. കുഴഞ്ഞു വീണതാണെന്നായിരുന്നു ആശുപത്രിയിൽ ആദ്യം പറഞ്ഞത്. മരണം സ്ഥിരീകരിച്ച ഡോക്ടർക്ക് സംശയം തോന്നിയതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്.
ഷൈജുവിന്റെ ആദ്യ ഭാര്യയുടെ സുഹൃത്തായിരുന്നു ശാരി. യുവാവ് പിന്നീട് ശാരിയുമായി അടുപ്പത്തിലായി. 13 വർഷത്തോളമായി എരുവേലിയിലെ വീട്ടിൽ അവരോടൊപ്പമായിരുന്നു ഷൈജുവിന്റെ താമസം. അഞ്ചു വർഷം മുൻപ് ഇരുവരും വിവാഹവും കഴിച്ചു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു.
എന്നാൽ കുറച്ചുകാലങ്ങളായി ശാരിക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് പറഞ്ഞു. തുടക്കത്തിൽ ഭർത്താവ് നൽകിയ മൊഴി കളവാണെന്ന് വിശദമായ അന്വേഷണത്തിൽ വ്യക്തമായെന്ന് ചോറ്റാനിക്കര പൊലീസ് പറയുന്നു.
ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്ന ഷൈജു, പിന്നീട് സംഭവം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കുകയായിരുന്നു. ഇതിനായി ഷാളുകൾ കൂട്ടിക്കെട്ടി കിടപ്പുമുറിയുടെ കഴക്കോലിൽ ശാരിയുടെ മൃതദേഹം കെട്ടിത്തൂക്കാൻ ശ്രമിച്ചു. അതിന് സാധിക്കാതെ വന്നപ്പോൾ, ആത്മഹത്യ ചെയ്തതാണെന്ന് പറഞ്ഞ് മൃതദേഹം ചോറ്റാനിക്കരയിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.