ആഗോള വാഹന വ്യവസായത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ ചൈന, അതിവേഗം മുന്നേറി ബിവൈഡി


ആഗോള വാഹന വ്യവസായത്തിൽ ഒന്നാമതെത്താൻ പുത്തൻ പദ്ധതികളുമായി ചൈന. ലോകത്തെ സമ്പൂർണ വൈദ്യുത വാഹന വിൽപ്പനയിൽ ഇലോൺ മസ്കിന്റെ ടെസ്‌ലയെ മറികടക്കാനുള്ള ശ്രമങ്ങൾക്കാണ് ചൈന തുടക്കമിട്ടിരിക്കുന്നത്. ടെസ്‌ലയ്ക്ക് വെല്ലുവിളി ഉയർത്താൻ ബിവൈഡി വാഹന നിർമ്മാതാക്കളെയാണ് ചൈന രംഗത്തിറക്കിയിട്ടുളളത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ പാദത്തിൽ 4.31 ലക്ഷം വൈദ്യുത വാഹനങ്ങളാണ് ബിവൈഡി വിറ്റഴിച്ചിരിക്കുന്നത്. അതേസമയം, ടെസ്‌ല വിറ്റഴിച്ചത് 4.35 ലക്ഷം വൈദ്യുത വാഹനങ്ങളാണ്. എണ്ണത്തിൽ 3,456 കാറുകൾ മാത്രമാണ് അധികമുള്ളത്. ബിവൈഡിയുടെ അറ്റോ, ഇ6 എന്നിങ്ങനെ രണ്ട് മോഡലുകൾ ഇന്ത്യൻ വിപണിയിൽ വിറ്റഴിക്കുന്നുണ്ട്.

ടെക് റിസർച്ച് ഫോം കൗണ്ടർ പോയിന്റിന്റെ കണക്കുകൾ പ്രകാരം, ആഗോള വൈദ്യുത വാഹന വിൽപ്പനയിലെ വിപണി വിഹിതം 2022-ലും 2023-ലും ടെസ്‌ലയ്ക്ക് 17 ശതമാനമാണ്. എന്നാൽ, ബിവൈഡിക്ക് 2022-ൽ 13 ശതമാനവും, 2023-ൽ 17 ശതമാനവുമാണ് വിപണി വിഹിതം. 2023-ൽ രണ്ട് കമ്പനികൾക്കും ഒപ്പത്തിനൊപ്പം എത്താൻ കഴിഞ്ഞിട്ടുണ്ട്. ടെസ്‌ലയുടെ വിപണി വിഹിതം മാറ്റമില്ലാതെ തുടരുകയും, ബിവൈഡി മെച്ചപ്പെട്ട വളർച്ചയും കാഴ്ചവെയ്ക്കുകയാണെങ്കിൽ 2023-24 സാമ്പത്തിക വർഷം അവസാനിക്കുമ്പോഴേക്കും ആഗോള വാഹന വ്യവസായത്തിൽ ടെസ്‌ലയെ മറികടന്ന് ഒന്നാമതെത്താൻ ചൈനയുടെ ബിവൈഡിക്ക് കഴിയുന്നതാണ്.