ജപ്പാനെ വിറപ്പിച്ച് ഭൂകമ്പം; ഒന്നര മണിക്കൂറിനിടെ 21 ഭൂചലനങ്ങൾ, സുനാമി സാധ്യത-എമർജൻസി കൺട്രോൾ റൂം തുറന്ന് ഇന്ത്യൻ എംബസി
ജപ്പാന്റെ പടിഞ്ഞാറൻ തീരപ്രദേശത്ത് തിങ്കളാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ നിരവധി പേർക്ക് പരിക്ക്. റിക്ടർ സ്‌കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ 21 ഭൂചലനങ്ങളെ തുടർന്ന് ആളുകളോട് ഒഴിഞ്ഞുപോകാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. പ്രദേശങ്ങളിൽ ശക്തമായ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ ഏജന്‍സി അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 4.0 മുതല്‍ 7.6 വരെ രേഖപ്പെടുത്തിയ തുടര്‍ച്ചയായ ഭൂചലനങ്ങളാണുണ്ടായത്.
പടിഞ്ഞാറൻ തീരപ്രദേശങ്ങളായ ഇഷികാവ, നിഗറ്റ, ടോയാമ എന്നീ പ്രവിശ്യകളിൽ സുനാമി മുന്നറിയിപ്പ് നൽകി. ജപ്പാൻ കാലാവസ്ഥ ഏജൻസി ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. കാലാവസ്ഥ ഏജൻസിയുടെ കണക്കുകൾ പ്രകാരം, ഇഷികാവ പ്രവശ്യയിൽ 5 മീറ്റർ ഉയരത്തിൽ വരെ സുനാമി അനുഭവപ്പെട്ടേക്കാം. നിലവിൽ, ഇഷികാവ പ്രവിശ്യയിലെ വാജിമ സിറ്റി തീരത്ത് ഒരു മീറ്ററിലധികം ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചിട്ടുണ്ട്. ന്യൂക്ലിയർ പവർ പ്ലാന്റുകളിൽ എന്തെങ്കിലും തകരാറുകൾ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്.
ഫുകുയി പ്രിഫെക്ചറിലെ അഗ്നിശമന വകുപ്പുകളുടെയും പ്രാദേശിക സർക്കാരുകളുടെയും കണക്കനുസരിച്ച് (ഫുകുയി പ്രിഫെക്ചർ ജപ്പാനിലെ ഹോൺഷു ദ്വീപിന്റെ ഭാഗമാണ്), വൈകുന്നേരത്തിനുള്ളിൽ അഞ്ച് പേർക്ക് പരിക്കേറ്റു. 6 മണി വരെ കുറഞ്ഞത് അഞ്ച് പേർക്ക് പരിക്കേറ്റു.
ഭൂകമ്പങ്ങളുടെ പരമ്പരയിൽ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട് ചെയ്തു. കൂടാതെ, ജപ്പാനിലെ പബ്ലിക് ബ്രോഡ്‌കാസ്റ്ററായ NHK അനുസരിച്ച് ആളുകൾ അവരുടെ വീടുകളിൽ കുടുങ്ങിക്കിടക്കുന്നതായി നിരവധി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പോലീസും ഫയർഫോഴ്‌സും സ്ഥിതിഗതികൾ വിലയിരുത്താനുള്ള ശ്രമത്തിലാണ്. ഭൂകമ്പത്തിൽ വീടുകൾ കുലുങ്ങുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാണ്.
ഭൂകമ്പങ്ങളുടെ പ്രഭവകേന്ദ്രത്തിന് ചുറ്റും ഏകദേശം 33,500 വീടുകളില്‍ വൈദ്യുതി ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു. ജപ്പാനിലെ ഭൂകമ്പത്തെത്തുടർന്ന് കിഴക്കൻ തീരത്തെ ഗാങ്‌വോൺ പ്രവിശ്യയുടെ ചില ഭാഗങ്ങളിൽ കടൽനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് ദക്ഷിണ കൊറിയയുടെ കാലാവസ്ഥാ ഏജൻസി തിങ്കളാഴ്ച അറിയിച്ചു. ആർക്കും ബന്ധപ്പെടാമെന്ന് ജപ്പാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇതിനായി ഒരു എമർജൻസി കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്. ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ കണക്കനുസരിച്ച്, ഇഷികാവ പ്രിഫെക്ചറിലെ നോട്ടോ നഗരത്തിൽ വലിയ സുനാമി മുന്നറിയിപ്പ് ഇപ്പോഴും നിലവിലുണ്ട്. ഏകദേശം 5 മീറ്ററോളം ഉയരത്തിൽ തിരമാലകൾ പ്രതീക്ഷിക്കുന്നു.