ബെയ്‌റൂട്ട്: ലെബനില്‍ ഇസ്രായേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഹിസ്ബുള്ള ഭീകരന്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ ലെബനനിലെ നബാത്തിയയില്‍ ഇസ്രായേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് മരണം. ഹിസ്ബുള്ള കമാന്‍ഡര്‍ അലി മുഹമ്മദ് അല്‍-ദെബ്‌സും രണ്ട് ഭീകരരും ഏഴ് പൗരന്മാരും കൊല്ലപ്പെട്ടു. ഹിസ്ബുള്ളയും വിവരം സ്ഥിരീകരിച്ചു.
ലെബനനില്‍ നിന്നുമെത്തിയ ഉറവിടമറിയാത്ത റോക്കറ്റ് ആക്രമണത്തില്‍ ഒരു ഇസ്രയേലി സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ലെബനനിലേക്ക് ഇസ്രായേല്‍ ആക്രമണം നടത്തിയത്. ഒരാഴ്ച മുമ്പ് ഇതേ ഹിസ്ബുള്ള കമാന്‍ഡര്‍ക്ക് പരിക്കേറ്റിരുന്നു. മരണപ്പെട്ടത് അബ്ബാസ് അല്‍-ദെബ്‌സാണെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും പിന്നീട് അലി മുഹമ്മദ് അല്‍-ദെബെസ് ആണെന്ന് തിരിച്ചറിഞ്ഞു.