ഉറക്കം നോട്ടുകെട്ടുകള്‍ നിറച്ച കിടക്കയില്‍, പണി പാവപ്പെട്ടവന്റെ പെന്‍ഷനില്‍ നിന്നും കയ്യിട്ടുവാരല്‍


തിരുവനന്തപുരം: മാസപ്പടിയായും വാര്‍ഷികപ്പടിയായും കിട്ടുന്ന നോട്ടുകെട്ടുകള്‍ നിറച്ച കിടക്കയിലുറങ്ങുന്ന പിണറായി വിജയനെ ചുമക്കുന്ന സിപിഎം എന്ന പാര്‍ട്ടി അധഃപതനത്തിന്റെ നെല്ലിപ്പലകയിലെത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ‘പാവപ്പെട്ടവന്റെ ക്ഷേമ പെന്‍ഷനില്‍നിന്ന് കയ്യിട്ടുവാരി പോസ്റ്ററടിക്കുന്ന നിങ്ങളെയോര്‍ത്ത് തല കുനിക്കാത്ത ഒരു മലയാളിപോലും ഇന്നില്ല. ടിപി ചന്ദ്രശേഖരനെയും ഷുഹൈബിനെയും കൃപേഷിനെയും ശരത്ലാലിനെയും ഏറ്റവുമൊടുവില്‍ സിദ്ധാര്‍ത്ഥനെയും കൊലയ്ക്കുകൊടുത്ത അഭിനവ ഹിറ്റ്ലറാണ് ഇദ്ദേഹം. എകെജിയും പി കൃഷ്ണപിള്ളയും ഇഎംഎസും പകര്‍ന്നു തന്ന കമ്യൂണിസ്റ്റ് മൂല്യങ്ങളെല്ലാം പിണറായി ആറടി മണ്ണില്‍ കുഴിച്ചുമൂടി’,സുധാകരന്‍ പറഞ്ഞു.

‘കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം കഴിഞ്ഞതോടെ വിറളിപിടിച്ചതുകൊണ്ടാണ് കോണ്‍ഗ്രസിനെ അപമാനിച്ചു പിണറായി പ്രസംഗിച്ചത്. എന്നാല്‍ ഇത്രയും ഗംഭീരമായ ഒരു സ്ഥാനാര്‍ത്ഥി നിര്‍ണയം സമീപകാലത്തൊന്നും യുഡിഎഫില്‍ ഉണ്ടായിട്ടില്ല. തൃശൂരില്‍ ഇടതുപക്ഷ- ബിജെപി സഖ്യത്തെ കെ മുരളീധരന്‍ ഒറ്റ ദിവസംകൊണ്ടാണ് പൊളിച്ചടുക്കിയത്’ , അദ്ദേഹം ചൂണ്ടിക്കാട്ടി.