31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

‘മാറത്തെ വിയർപ്പു കൊണ്ട് നാറും സതീർഥ്യനെ മാറത്തുണ്മയോട് ചേർത്തു ഗാഢം പുണർന്നു’ -കുചേല ദിനത്തെക്കുറിച്ച് ഒരു കുറിപ്പ്

Date:


കൃഷ്ണ പ്രിയ-

ദരിദ്രന്മാരിൽ വെച്ച് ദരിദ്രനായ, സുദാമാവും യാദവകുലത്തിന്റെ രാജാവായ നന്ദന്റെ മകൻ കൃഷ്ണനും തമ്മിൽ നല്ല കൂട്ടായിരുന്നു. സാന്ദീപനി മഹർഷിയുടെ ഗുരുകുലത്തിൽ രാജാവിന്റെ മകനും ദരിദ്രനും ഒക്കെ ഒരു പോലെ തന്നെ. ഒരുപോലെ ഉറക്കം ഒരുപോലെ ഭക്ഷണം ഒരുപോലെ ജോലികൾ. യഥാർത്ഥ സോഷ്യലിസം .അവരങ്ങനെ കളിച്ചും ചിരിച്ചും പഠിച്ചും ഗുരുകുലത്തിങ്ങനെ കഴിഞ്ഞു. വിദ്യാഭ്യാസം കഴിഞ്ഞതോടെ കൃഷ്ണൻ വളർത്തച്ഛന്റെ വീട് വിട്ടു ദ്വാരകയിലേക്കു പോയതോടെ കൂട്ടുകാർക്കു തമ്മിൽ കാണാൻ സാധിക്കാതെയായി. അങ്ങനെ കാലമേറെ കഴിഞ്ഞു. കൃഷ്ണൻ രാജാവായില്ലെങ്കിലും രാജകാര്യങ്ങളും കുടുംബകാര്യങ്ങളും ഒക്കെ നോക്കി കഴിയാൻ തുടങ്ങി.

എന്നാൽ സുദാമാവോ? കൂടുതൽ കൂടുതൽ ദരിദ്രനായി. കീറിയ വസ്ത്രത്തിൽ മാത്രം കണ്ടുകൊണ്ടിരുന്ന സുദാമാവിന്റെ പേര് തന്നെ എല്ലാവരും മറന്നു.പകരം കു ‘ചേലൻ’ എന്ന പേരായി നടപ്പിൽ .അങ്ങനെയിരിക്കെ കുട്ടികളുടെ വിശപ്പും പട്ടിണിയും കണ്ടു സഹിക്കാനാകാതെ കുചേല പത്‌നി സുശീല ഭർത്താവിനോട് കൃഷ്ണനെപ്പോയി കാണുവാൻ ആവശ്യപ്പെട്ടതും മടിച്ചു മടിച്ചാണെങ്കിലും കുചേലന് വഴങ്ങേണ്ടി വന്നതും വെറും കയ്യോടെ പോകാൻ വൈയ്യാത്തതിനാൽ അവില് കൊണ്ട് പോയതും കുചേലന്റെ തലവെട്ടം ദൂരെക്കണ്ട കൃഷ്ണൻ മട്ടുപ്പാവിൽ നിന്നോടിയ ആ ഓട്ടവും കൃഷ്ണന്റെ വരവ് കണ്ടു അമ്പരന്നു നിന്ന കുചേലന് ലഭിച്ച സ്വീകരണവും തട്ടിപ്പറിച്ചെടുത്ത അവില് വാരിവാരിത്തിന്നതും രുക്മിണി ‘മതിയെന്റെ കൃഷ്ണ’ എന്ന് പറഞ്ഞതും ഭക്ഷണ പുണ്യം പങ്കു വെച്ചതോടെ സാമ്പത്തിക സ്ഥിതി ഉയർന്ന കുചേലനെക്കുറിച്ചും ഒന്നും ഇനിയും പറയുന്നില്ല, പറയാനുള്ളത് ആ സൗഹൃദത്തെ കുറിച്ചാണ്.

രണ്ടു വ്യക്തികളെക്കുറിച്ചാണ്. പുണ്യം പങ്കു വെക്കാനിടയാക്കിയ ഒരു ശുദ്ധമനസ്സിന്റെ സമർപ്പണമായ ആ അന്നമാഹാത്മ്യത്തെ കുറിച്ചാണ് .
കൃഷ്ണനും കുചേലനും തമ്മിൽ സാമ്പത്തികമായി ഒരുപാട് അന്തരമുണ്ടായിരുന്നു.. ഒരുമിച്ചു കളിച്ചവരെങ്കിലും ഇത്രകണ്ട് സൗഹൃദം കാണിക്കണ്ട കാര്യമൊക്കെ കൃഷ്ണനുണ്ടായിരുന്നോ എന്ന് ഇക്കാലത്തു ന്യായമായും ചിന്തിച്ചു പോവും പലരും. എന്നാലത് കൃഷ്ണനായിരുന്നുവല്ലോ. സൗഹൃദങ്ങൾക്ക് ഏറെ വില നൽകിയിരുന്ന കൃഷ്ണൻ.
” മാറത്തെ വിയർപ്പു വെള്ളം കൊണ്ട് നാറും സതീർഥ്യനെ
മാറത്തുണ്മയോട് ചേർത്തു ഗാഢം പുണർന്നു “

എന്ന രാമപുരത്തു വാര്യരുടെ വരികൾ മാത്രം മതി ആ സൗഹൃദത്തിന്റെ വ്യാപ്തി അളക്കാൻ. കൂടാതെ കുചേലന്റെ ദൈന്യാവസ്ഥ കണ്ടപ്പോൾ മാത്രമാണത്രെ ധീരനായ ആ ചെന്താമരക്കണ്ണൻ കരഞ്ഞു പോയത് എന്നും വാര്യർ പറഞ്ഞു വെക്കുന്നുണ്ട്. ഒന്നോർത്തു നോക്കുക. സമ്പന്നതയുടെ മടിത്തട്ടിൽ സർവ സുഖസൗകര്യങ്ങളിൽ ജീവിക്കുന്ന ഒരു വ്യക്തി. ചെറുപ്പകാലത്തെ തന്റെ കൂട്ടുകാരനെ കണ്ടപ്പോൾ കാണിച്ച സ്നേഹത്തിന്റെ തീവ്രത !!

കെട്ടിപ്പിടിക്കുന്നു, സ്വയം കാലുകഴുകിക്കുന്നു , തുടയ്ക്കുന്നു, സപ്രമഞ്ചത്തിലിരുത്തുന്നു , വീശുന്നു, വെള്ളം കൊടുക്കുന്നു അങ്ങനെ എന്തൊക്കെ . കുചേലന്റെ കാര്യം പോട്ടെ , അരികിൽ നിന്ന രുക്മിണി പോലും ഇതൊക്കെ കണ്ടു ആകെ പരിഭ്രമിച്ചവശായിപ്പോയി പോലും..  ‘കഴിഞ്ഞതൊക്കെ പെട്ടന്നങ്ങു മറക്കുന്നവൻ” എന്ന് കൃഷ്ണനെക്കുറിച്ചു ആരോപണമുന്നയിക്കുവർ ഇക്കഥ പാടെയങ്ങു മറക്കാറാ പൊതുവെയുള്ള പതിവ്.
ഇനിയാ അവിലിനെക്കുറിച്ചു. പണ്ട്, ഗുരുകുലത്തിൽ , കൊടും കാട്ടിൽ, പെരും മഴയത്തു ഒരിക്കൽ വഴി തെറ്റിയലഞ്ഞപ്പോഴും കൃഷ്ണന്റെ വിശപ്പ് ശമിപ്പിച്ചത് കുചേലന്റെ പൊതിയിലെ ഭക്ഷണമായിരുന്നു പോലും.. അന്നും കുചേലൻ ആ ദാരിദ്രപ്പൊതി കൊടുക്കാൻ മടിച്ചിരുന്നു.

ഒടുവിൽ കള്ളകൃഷ്ണൻ വിശന്നവശനായി അഭിനയിച്ചപ്പോഴാണ് നിവൃത്തിയില്ലാതെ കുചേലൻ ആ പൊതിക്കെട്ടഴിച്ചത്. അങ്ങനെ രണ്ടു തവണയായി കുചേലൻ കൃഷ്ണന് അന്നദാനം നടത്തി. കുചേലന്റെ കല്ലും മണ്ണും നിറഞ്ഞ അവില് കണ്ട ശൗരി കാണിച്ച കൊതിക്കളികൾ വാര്യര് വർണ്ണിക്കുന്നുണ്ട്. ഭക്ഷണത്തെ , ബഹുമാനിക്കണമെന്ന വലിയ പാഠം കുട്ടികൾക്കൊതികൊടുക്കുവാൻ ഇക്കഥ ഉപകരിക്കില്ലേ?
ഇനി കുചേലനെക്കുറിച്ചു. ബ്രാഹ്മണരുടെ ജോലി ധനസമ്പാദനം മാത്രമായിരുന്നു എന്ന് പഴി പറഞ്ഞു നടക്കുന്നവർ ഈ ദരിദ്രനായ ബ്രാഹ്മണന്റെ കാര്യവും സൗകര്യപൂർവം അങ്ങ് മറന്നു കളയാറാ പതിവ്. കീറിയവസ്ത്രം ധരിച്ച്‌ ധരിച്ചു , സ്വന്തം പേര് പോലും വിസ്മൃതിയിലാണ്ടപ്പോഴും പുണ്യഗ്രന്ഥവും, ഓലക്കുടയും രുദ്രാക്ഷവുംഅല്ലാതെ മറ്റൊരു സമ്പാദ്യവും ഇല്ലാതിരുന്നപ്പോഴും പരിപൂർണ്ണനായി അദ്ദേഹം സന്തുഷ്ടനായിരുന്നു.

ഒരിക്കൽ പോലും ഒരാളെയും പഴി പറഞ്ഞിട്ടില്ല .കുട്ടികളുടെ കരച്ചിൽ കേട്ട് സഹിക്കാനാകാതെയാണ് സഹായത്തിനായി പോകാം എന്ന് തീരുമാനിച്ചത്. എത്തിയപ്പോൾ ലഭിച്ച സ്വീകരണം ഏറെ അമ്പരപ്പിച്ചുവെങ്കിലും ഒരു ചെറു സഹായം പോലും ചോദിക്കാനാകാതെ മടങ്ങേണ്ടി വന്നു.
ജ്ഞാനികൾക്ക് അങ്ങനെയാണ് പോലും.ആവശ്യങ്ങളൊന്നും ചോദിച്ചു വാങ്ങാൻ സാധിക്കില്ലത്രേ.

അമ്മയോട് ധനം ചോദിക്കൂ എന്ന് രാമകൃഷ്ണ ദേവൻ വീണ്ടും വീണ്ടും നിർബന്ധിച്ചു പറഞ്ഞയച്ചിട്ടും ഒന്നും ചോദിക്കാതെ നിന്ന വിവേകാനന്ദ സ്വാമികളെ ഓർമ്മയില്ലേ? ജ്ഞാനികൾക്കും , ഭക്തന്മാർക്കും ഒന്നും ആവശ്യങ്ങളുണ്ടാകാറില്ല.. അവർക്കു ഭഗവാനെ മാത്രമേ വേണ്ടൂ. ആവശ്യങ്ങൾ നമ്മെപ്പോലുള്ള ലൗകികർക്കു മാത്രമാണ്. ആവശ്യങ്ങൾ എന്ന് തീരുന്നുവോ അന്ന് മാത്രമേ നാം പരിപൂർണ്ണ ഭക്തന്മാരായി തീരുകയുള്ളൂ.
കുചേലദിനം ആചരിക്കുന്നതിലൂടെ, അനുഭവിക്കുന്നതിലൂടെ, കുചേലനെപ്പോലെ ആവശ്യങ്ങളില്ലാതാകുന്നതിനുള്ള അനുഗ്രഹമുണ്ടാകട്ടെ.
എല്ലാവര്ക്കും കുചേലദിനാശംസകൾ.
വന്ദേ ഗുരുപരമ്പരാം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related