പൊള്ളുന്ന ചൂടിൽ 5000 പേരുടെ ഡാന്‍സ്, ബോധരഹിതരായി കുട്ടികൾ: നടൻ പ്രഭുദേവയ്ക്ക് നേരെ കടുത്ത പ്രതിഷേധം


ലോക റെക്കോഡ് ലക്ഷ്യമാക്കി അയ്യായിരത്തോളംപേർ പങ്കെടുക്കുന്ന നൃത്ത പരിപാടിയിൽ നിന്ന് അവസാന നിമിഷം പിന്മാറിയ നടൻ പ്രഭുദേവയ്ക്ക് നേരെ പ്രതിഷേധം. ചെന്നൈയിലെ രാജരത്നം സ്റ്റേഡിയത്തിൽ തുടര്‍ച്ചയായി 100 മണിക്കൂര്‍ പ്രഭുദേവ ഗാനങ്ങള്‍ക്ക് ഡാന്‍സ് കളിക്കുന്ന ഒരു പരിപാടിയാണ് മെയ് 2ന് സംഘടിപ്പിച്ചിരുന്നത്. പരിപാടിയിൽ നിരവധി കുട്ടികൾ പങ്കെടുക്കാൻ എത്തിയിരുന്നു. പ്രഭുദേവയെ പ്രതീക്ഷിച്ചു കടുത്ത ചൂടിൽ മണിക്കൂറുകളോളം നിന്ന കുട്ടികളിൽ പലരും ബോധരഹിതരായി. വിമർശനം വ്യാപകമായതോടെ പ്രഭുദേവ സംഭവത്തില്‍ മാപ്പ് ചോദിച്ച് സോഷ്യല്‍ മീഡിയയിൽ വീഡിയോ പങ്കുവെച്ചു.

രാവിലെ മുതല്‍ തന്നെ റജിസ്ട്രര്‍ ചെയ്ത കുട്ടികളെ ക്യൂവായി സ്റ്റേഡിയത്തില്‍ പരിപാടി തുടങ്ങുന്നതിനായി സംഘാടകര്‍ നിര്‍ത്തി. ചില കുട്ടികള്‍ കഠിനമായ വെയിലില്‍ തളര്‍ന്നു വീണു. ഇതിൽ രോക്ഷാകുലരായ മാതാപിതാക്കൾ സംഘാടകരോട് തട്ടിക്കയറുകയും പ്രഭുദേവയെ ചീത്ത വിളിക്കുകയും ചെയ്തു.

read also: കടുത്ത ചൂടിന് പിന്നാലെ പെരുമഴയും പ്രളയവും: അണക്കെട്ട് തകര്‍ന്നു, 30ലേറെ പേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേരെ കാണാതായി

സംഭവം വാർത്താമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ചർച്ചയായപ്പോഴാണ്‌ പ്രഭുദേവ ഹൈദരാബാദിൽ ചിത്രീകരണത്തിലായിരുന്നെന്നും നൃത്തപരിപാടിക്കേ എത്തില്ലെന്നും അറിഞ്ഞത്. തുടർന്ന് നൃത്തത്തിനെത്തിയവരുടെ രക്ഷിതാക്കൾ പ്രശ്നമുണ്ടാക്കുകയായിരുന്നു. പിന്നാലെ സം​ഭവത്തിൽ മാപ്പുചോദിച്ച് പ്രഭുദേവതന്നെ രം​ഗത്തെത്തി. ‘എല്ലാവരുടേയും സ്നേഹത്തിന് നന്ദി പറയുന്നു. ഇതുപോലൊരു പരിപാടിക്ക് വരാൻപറ്റാതിരുന്നതിൽ ഖേദമുണ്ട്. നർത്തകരുടെ മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്നു. എല്ലാവരേയും നേരിൽക്കാണാൻ ശ്രമിക്കുന്നുണ്ടെന്നും’ പ്രഭുദേവ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു..