മുൻ കാമുകിയെ വകവരുത്താൻ പാർസൽ ബോംബ്, തുറന്ന ഭർത്താവിനും മകൾക്കും ദാരുണാന്ത്യം: രണ്ടുപേർ ഗുരുതരാവസ്ഥയിൽ


മുൻ കാമുകിയുടെ വീട്ടിലേക്ക് യുവാവയച്ച പാർസലിലെ ബോംബ് പൊട്ടിത്തെറിച്ച് യുവതിയുടെ ഭർത്താവിനും മകൾക്കും ദാരുണാന്ത്യം. ​ഗുജറാത്തിലെ വദാലിയിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ജീതുഭായ് ഹീരാഭായ് വഞ്ജരയും (32) മകൾ ഭൂമികയുമാണ് (12) കൊല്ലപ്പെട്ടത്.ജയന്തി ഭായി ബാലുസിംങ് എന്ന വ്യക്തിയാണ് വീട്ടിലേക്ക് പാഴ്‌സലയച്ചതെന്ന് പൊലീസ് അറിയിച്ചു. പാഴ്‌സലിലുണ്ടായിരുന്ന ടേപ്പ് റെക്കോർഡററിന് സമാനമായിരുന്ന ഇലക്ട്രോണിക് ഉപകരണം പ്ല​ഗ് ഇൻ ചെയ്യാൻ ശ്രമിച്ചപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു.

സംഭവസ്ഥലത്ത് വച്ചുതന്നെ ജീതുഭായ് കൊല്ലപ്പെട്ടു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു ഭൂമികയുടെ മരണം.സ്ഫോടനം നടക്കുമ്പോൾ ജീത്തുവിന്റെ ഭാര്യ സ്ഥലത്തില്ലായിരുന്നു. തന്റെ മുൻ കാമുകിയുമായുള്ള ജീത്തുവിന്റെ വിവാഹത്തിലുണ്ടായ പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ഓട്ടോറിക്ഷയിലായിരുന്നു വീട്ടിലേക്ക് പാഴ്‌സലെത്തിയത്.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഓട്ടോഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ മൊഴിയിലൂടെയാണ് പൊലീസ് ജയന്തി ഭായിലേക്കെത്തിയത്. സ്ഫോടനം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജീത്തുഭായുടെ ഒൻപതും പത്തും വയസ്സുള്ള രണ്ട് പെൺകുട്ടികൾക്കും സ്ഫോടനത്തിൽ ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും വിദ​ഗ്ധ ചികിത്സയ്ക്കായി അഹമ്മ ദാബാദിലേക്ക് മാറ്റിയിട്ടുണ്ട്.