ഒടുവിൽ വെടിനിർത്തൽ കരാറിലെ നിർദ്ദേശങ്ങൾ അംഗീകരിച്ച് ഹമാസ്: പശ്ചിമേഷ്യയിൽ സമാധാനം തിരിച്ചുവരാൻ വഴിയൊരുങ്ങുന്നു
കെയ്റോ: ഇസ്രയേൽ – ഹമാസ് യുദ്ധത്തിന് വിരാമമാകുന്നു. കെയ്റോയിൽ നടന്ന സമാധാന ചർച്ചയിൽ ഉയർന്ന വെടിനിർത്തൽ കരാറിലെ നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചതോടെയാണ് പശ്ചിമേഷ്യയിൽ വീണ്ടും സമാധാനത്തിന്റെ പതാക പാറാൻ അവസരമൊരുങ്ങുന്നത്. വെടിനിർത്തൽ കരാറിലെ നിർദേശങ്ങൾ സ്വീകാര്യമാണെന്ന് ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഇസ്മാഈൽ ഹനിയ ചർച്ചയിൽ മധ്യസ്ഥരായ ഖത്തറിനെയും ഈജിപ്തിനെയും അറിയിച്ചു. എന്നാൽ, വെടിനിർത്തൽ കരാറിലെ നിർദ്ദേശങ്ങൾ സംബന്ധിച്ച് ഇസ്രയേൽ ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല.
ഈജിപ്തും ഖത്തറുമാണ് മുന്ന് ഘട്ടങ്ങളിലായുള്ള വെടിനിർത്തൽ കരാറിന്റെ നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. ഇവ അംഗീകരിക്കുന്നതായി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനിയെയും ഈജിപ്ഷ്യൻ ഇൻറലിജൻസ് മന്ത്രി അബ്ബാസ് കമാലിനെയും ഹനിയ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. അതേസമയം, നിർദേശം പഠിച്ചുവരികയാണെന്നാണ് ഇസ്രായേലിന്റെ പ്രതികരണം.
സ്ഥിരമായ വെടിനിർത്തൽ ഉൾപ്പെടെ മൂന്ന് ഘട്ടങ്ങളാണ് ഈജിപ്തും ഖത്തറും മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശത്തിൽ ഉൾപ്പെടുന്നത്. ഓരോന്നും 42 ദിവസം വീതം ദൈർഘ്യമുണ്ടായിരിക്കുമെന്ന് ഹമാസ് നേതാവ് ഖലീൽ ഹയ്യ, ‘അൽ ജസീറ’ ചാനലിനോട് സ്ഥിരീകരിച്ചു. വടക്കൻ ഗാസയെയും തെക്കൻ ഗാസയെയും വിഭജിക്കുന്ന തരത്തിൽ ഇസ്രായേൽ നിർമിച്ച നെറ്റ്സാരിം ഇടനാഴിയിൽനിന്ന് ഇസ്രായേൽ സേന പിൻവാങ്ങണമെന്നതാണ് ആദ്യ ഘട്ടം. കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീനികളെ അവരവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരുന്നതും ഗാസയിലേക്ക് മാനുഷിക സഹായവും ഇന്ധനവും ദുരിതാശ്വാസ സാമഗ്രികളും എത്തിക്കുന്നതിനും ഈഘട്ടത്തിൽ അനുമതി നൽകും. കൂടാതെ, ഹമാസ് തടവിലാക്കിയ ഇസ്രായേലി സ്ത്രീകളെ വിട്ടയക്കും. ഓരോ ബന്ദിക്കും പകരം 50 പലസ്തീൻ തടവുകാരെ ഇസ്രായേൽ മോചിപ്പിക്കും.
രണ്ടാം ഘട്ടത്തിലാണ് പുരുഷ ബന്ദികളെ മോചിപ്പിക്കുക. ഇവർക്ക് പകരം വിട്ടയക്കുന്ന പലസ്തീൻ തടവുകാരുടെ എണ്ണം നിശ്ചയിച്ചിട്ടില്ല. ഈ ഘട്ടത്തിൽ ഇരുപക്ഷവും സൈനിക നടപടികൾ സ്ഥിരമായി അവസാനിപ്പിക്കും. ഗാസയിൽ നിന്ന് ഇസ്രായേൽ സേനയെ പൂർണമായി പിൻവലിക്കും.മൂന്നാം ഘട്ടത്തിൽ ഗാസക്കെതിരായ ഉപരോധം അവസാനിപ്പിക്കുന്നതും പുനർനിർമ്മാണ പദ്ധതി നടപ്പാക്കുന്നതും അടക്കമുള്ള വ്യവസ്ഥകളാണ് ഉൾപ്പെടുന്നത്.