ബ്രെഡില്‍ ചത്ത എലിയുടെ അവശിഷ്ടങ്ങള്‍, ഒരുലക്ഷത്തിലധികം പാക്കറ്റുകള്‍ തിരികെ വിളിച്ച് കമ്പനി


ടോക്കിയോ: ചത്ത എലിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ പ്രമുഖ ഭക്ഷ്യ നിര്‍മ്മാതാക്കള്‍ തിരികെ വിളിച്ചത് 104000 പാക്കറ്റ് ബ്രെഡ്. ജപ്പാനിലാണ് സംഭവം. പാസ്‌കോ ഷികിഷിമാ കോര്‍പ്പറേഷനാണ് വില്‍പനയ്‌ക്കെത്തിയ ഒരു ലക്ഷ്യത്തിലധികം ബ്രെഡ് പാക്കറ്റുകള്‍ തിരികെ വിളിച്ചത്. കറുത്ത എലിയുടെ അവശിഷ്ടങ്ങള്‍ നിരവധി ബ്രെഡ് പാക്കറ്റുകളില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.

ജപ്പാനിലാകെ ഏറെ പ്രചാരമുള്ളതാണ് പാസ്‌കോ ബ്രെഡ്. എല്ലാ വീടുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും സര്‍വ്വസാധാരണമായി കാണാറുള്ളതാണ് ഇവ. മാലിന്യം അടങ്ങിയ ഭക്ഷണം കഴിച്ച് ആരും രോഗബാധിതരാകാതിരിക്കാനാണ് ബ്രെഡ് കമ്പനിയുടെ നീക്കം. സംഭവിച്ച പിഴവില്‍ ആളുകളോട് ക്ഷമാപണം നടത്തുന്നതായും ബ്രെഡ് കമ്പനി വിശദമാക്കി.

ടോക്കിയോയിലെ ഫാക്ടറിയില്‍ നിന്നാണ് ബ്രെഡ് നിര്‍മ്മിച്ചിരുന്നത്. ഫാക്ടറിയിലെ തൊഴിലാളികള്‍ക്ക് നേരെയും ചുമതലയിലുണ്ടായിരുന്നവര്‍ക്കെതിരെയും നടപടി എടുത്തതിന് പുറമേയാണ് വിപണിയില്‍ നിന്ന് വലിയ രീതിയില്‍ ബ്രെഡ് പാക്കറ്റുകള്‍ തിരികെ വിളിച്ചത്.

എങ്ങനെയാണ് എലിയുടെ അവശിഷ്ടം ബ്രെഡിലെത്തിയെന്നത് കമ്പനി വ്യക്തമാക്കിയില്ല. എങ്കിലും ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് കമ്പനി വിശദമാക്കി. കേടായ ബ്രഡ് വാങ്ങേണ്ടി വന്ന ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും കമ്പനി വിശദമാക്കി. അമേരിക്ക, ചൈന, ഓസ്‌ട്രേലിയ, ചൈന, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്ക് കമ്പനി ബ്രഡ് കയറ്റി അയയ്ക്കുന്നുണ്ട്.