പോക്‌സോ കേസ് ഇരയുടെ ആത്മഹത്യാക്കുറിപ്പ്: അധികൃതർക്ക് ഗുരുതര പിഴവ്, അന്വേഷണ ഇദ്യോഗസ്ഥനെതിരായ റിപ്പോര്‍ട്ട് പൂഴ്ത്തി
തേഞ്ഞിപ്പാലം: പോക്‌സോ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ച്ച കണ്ടെത്തിയ ACP യുടെ റിപ്പോര്‍ട്ട് തുടര്‍ നടപടികളില്ലാതെ പൂഴ്ത്തി. തേഞ്ഞിപ്പാലം സ്റ്റേഷനിലെ സിഐയായിരുന്ന അലവിക്കെതിരായ റിപ്പോര്‍ട്ടാണ് പൂഴ്ത്തിയത്. കേസില്‍ പ്രതികളെ വെറുതെ വിട്ടതിന് പിന്നാലെ പൊലീസിന്റെ നടപടിയില്‍ വ്യക്തത വരുത്തണമെന്ന ആവശ്യവും നിലവില്‍ ശക്തമാണ്.
തേഞ്ഞിപ്പാലം പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടി, ആത്മഹത്യ കുറിപ്പില്‍ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥന് എതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. അതീവ രഹസ്യസ്വഭാവം സൂക്ഷിക്കേണ്ട അന്വേഷണ ഘട്ടങ്ങളില്‍ സിഐ ഭീഷണിപ്പെടുത്തിയെന്നും ഇരക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തി മാനസികമായി തകര്‍ത്തുവെന്നും പെണ്‍കുട്ടി ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നു.
ആരോപണങ്ങളില്‍ ഫറോക്ക് എസിപി അന്വേഷിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ചട്ടങ്ങള്‍ പാലിക്കുന്നതില്‍ അലവിക്ക് വീഴ്ച പറ്റിയതായി കണ്ടെത്തി. എന്നാല്‍ തുടര്‍ നടപടികള്‍ ഇല്ലാതെ റിപ്പോര്‍ട്ട് അപ്രത്യക്ഷമായി. കേസില്‍ തുടക്കം മുതല്‍ പൊലീസ് അലംഭാവം കാണിച്ചുവെന്ന ആരോപണം നിലനില്‍ക്കെയാണ് റിപ്പോര്‍ട്ട് പൂഴ്ത്തിയത്. ഇതിനിടെ പ്രതികളെ വെറുതെ വിട്ടുള്ള കോടതി ഉത്തരവ് കൂടി വരികയായിരുന്നു.