പത്ത് വര്‍ഷത്തിനിടെ ജീവനൊടുക്കിയത് സംസ്ഥാനത്തെ 30 പോലീസുകാര്‍: മാനസിക സമ്മർദ്ദമെന്ന് പഠന റിപ്പോർട്ട്
കോഴിക്കോട്: കേരള പോലീസില്‍ കൂടുതല്‍പ്പേര്‍ ജീവനൊടുക്കിയത് ജോലിക്കിടയിലെ മാനസികസമ്മര്‍ദ്ദത്താലെന്ന് റിപ്പോര്‍ട്ട്. 10 വര്‍ഷത്തിനിടയില്‍ വ്യത്യസ്ത റാങ്കുകളിലുള്ള 30 പോലീസുകാരാണ് മാനസികസമ്മര്‍ദത്താല്‍ ജീവിതം അവസാനിപ്പിച്ചത്.
തൃശ്ശൂര്‍ കേരള പോലീസ് അക്കാദമി ഡയറക്ടറുടെയും സംസ്ഥാന പോലീസ് മേധാവിയുടെയും നിര്‍ദേശത്തെത്തുടര്‍ന്ന് ജില്ലാ പോലീസ് മേധാവികളുടെ നേതൃത്വത്തില്‍ തയ്യാറാക്കി അയച്ച പഠനറിപ്പോര്‍ട്ടിലാണ് ഈ കാര്യങ്ങളുള്ളത്. ആത്മഹത്യ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിച്ചുവരികയാണ്.
ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍, മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം, പൊതുസ്ഥലങ്ങളില്‍ കീഴുദ്യോഗസ്ഥരെ വഴക്കുപറയുക, ജോലിസ്ഥലവും വീടും തമ്മിലുള്ള അകല്‍ച്ച, സഹപ്രവര്‍ത്തകരുടെ സഹകരണക്കുറവ്, അമിതമായ ജോലിഭാരം എന്നിവയാണ് പ്രധാന ജോലിസമ്മര്‍ദ്ദങ്ങളായി റിപ്പോര്‍ട്ടിലുള്ളത്.