കാമുകന് മറ്റൊരു ബന്ധമുണ്ടെന്ന് സംശയം,സിന്ധുജ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു, രക്ഷിക്കുന്നതിനിടെ കാമുകന്‍ മരിച്ചു


ചെന്നൈ: അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച് 22 കാരി തനിക്കും കാമുകനും തീകൊളുത്തിയ സംഭവത്തില്‍ കാമുകന്‍ മരിച്ചു. തിരുവാരൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന മയിലാടുംതുറ ടൗണ്‍ സ്റ്റേഷന്‍ സൗത്ത് സ്ട്രീറ്റില്‍ രാമമൂര്‍ത്തിയുടെ മകന്‍ ആകാശ് (വയസ് 24) ആണ് മരിച്ചത്. ബികോം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു.
കടലൂര്‍ ജില്ലയിലെ ഭുവനഗിരി സ്വദേശി നാഗപ്പന്റെ മകള്‍ സിന്ധുജ (22) ക്കെതിരെയാണ് കേസ്.

ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതിനിടയില്‍ ആകാശിന് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്നും ഇതിനാല്‍ സിന്ധുജയുയെ ഒഴിവാക്കി എന്നാരോപിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. സംഭവദിവസം ഇരുവരും പുംപുഹാര്‍ ബീച്ചില്‍ വച്ച് കാണുകയും സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും മോട്ടോര്‍ സൈക്കിളില്‍ മയിലാടുംതുറയിലേക്ക് വരികയായിരുന്നു. ഇതിനിടെ മോട്ടോര്‍ സൈക്കിളില്‍ വെച്ച് വീണ്ടും തര്‍ക്കമുണ്ടായി.

തുടര്‍ന്ന് മയിലാടുംതുറയിലെ പാലക്കര എന്ന സ്ഥലത്ത് വെച്ച് മോട്ടോര്‍ സൈക്കിള്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട സിന്ധുജ പെട്രോള്‍ കുപ്പി പുറത്തെടുത്ത് ഇരുവരുടെയും മേല്‍ ഒഴിച്ചു തീകൊളുത്തി എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ഓടിക്കൂടിയ നാട്ടുകാര്‍ ഇവരെ മയിലാടുംതുറ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി കൊണ്ടുപോയി.

തുടര്‍ന്ന് ആകാശിനെ തിരുവാരൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും സിന്ധുജയെ തഞ്ചാവൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. അവിടെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ ആകാശ് ഇന്നലെ രാത്രി മരിച്ചു. സിന്ധുജ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്.

സംഭവ സമയത്ത് ബൈക്ക് നിര്‍ത്തിയ ശേഷം സിന്ധുജ പെട്രോള്‍ സ്വന്തം ദേഹത്ത് ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു, അത് കണ്ട് ആകാശ് സിന്ധുജയെ രക്ഷിക്കാന്‍ ശ്രമിച്ചു എന്നും അങ്ങിനെയാണ് പൊള്ളല്‍ ഏറ്റതെന്നും മറ്റൊരു റിപ്പോര്‍ട്ടുമുണ്ട്. പെണ്‍കുട്ടിക്കെതിരെ മയിലാടുതുറ ടൗണ്‍ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഗവണ്‍മെന്റ് ഫോര്‍ വിമന്‍ കോളേജിലെ രണ്ടാം വര്‍ഷ ബിഎ ഇക്കണോമിക്സ് വിദ്യാര്‍ത്ഥിനിയാണ് സിന്ധുജ