കോഴിക്കോട്: ബസ് യാത്രക്കാരിയുടെ സ്വര്‍ണമാല മോഷ്ടിച്ച് ഇറങ്ങിയോടിയ സ്ത്രീയെ സഹയാത്രക്കാരി ഒറ്റയ്ക്ക് അരക്കിലോമീറ്ററോളം ഓടിച്ചിട്ടു പിടിച്ചു. എരഞ്ഞിപ്പാലം ജംങ്ഷനില്‍ ചൊവ്വാഴ്ച രാവിലെ 9 മണിയോടെയാണു സംഭവം.
തമിഴ്‌നാട് മധുര മാരിയമ്മന്‍ കോവില്‍ സ്വദേശിനി മാരിയമ്മയാണ് മോഷണ ശ്രമം നടത്തിയത്. ഇവരെ മറ്റു യാത്രക്കാര്‍ നോക്കിനില്‍ക്കെയാണ് തലക്കുളത്തൂര്‍ എടക്കര സ്വദേശിനി താഴയൂരിങ്കല്‍ മിധു ശ്രീജിത്ത് (34) കവര്‍ച്ചക്കാരിയെ കീഴ്പ്പെടുത്തിയത്. മാരിയമ്മയെ കോടതി റിമാന്‍ഡ് ചെയ്തു.
read also: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസിന് ബോംബ് ഭീഷണി
യാത്രക്കാര്‍ ഇറങ്ങുന്നതിനിടെ, ബസിലുണ്ടായിരുന്ന ചേളന്നൂര്‍ സ്വദേശിനി ജലജ മാല നഷ്ടപ്പെട്ടതായി ബഹളം വച്ചു. അതോടെ, ആരും പോകരുതെന്നു കണ്ടക്ടര്‍ ആവശ്യപ്പെട്ടു. ബസിറങ്ങി ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുകയായിരുന്ന മാരിയമ്മ ആ സമയത്തു ബസിനകത്തേക്കു തിരികെക്കയറി മാല താഴെയിട്ടു. അതു കണ്ടവര്‍ ഒച്ചവച്ചതോടെ മാരിയമ്മ പിന്‍വാതിലിലൂടെ ഇറങ്ങി ഓടുകയായിരുന്നു. ഉടന്‍ എരഞ്ഞിപ്പാലത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായ മിധുവും പിന്നാലെ ഓടി. ബലപ്രയോഗത്തിലൂടെ മാരിയമ്മയെ കീഴ്‌പ്പെടുത്തി.