ഗെയിമിങ് സെന്ററില്‍ തീപിടിത്തം, മരണ സംഖ്യ ഉയരുന്നു: മരണത്തിന് കീഴടങ്ങിയ 28 പേരില്‍ 12 പേര്‍ കുട്ടികള്‍
അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ടില്‍ ഗെയിമിങ് സെന്ററിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 28 ആയി. ഇതില്‍ 12 പേര്‍ കുട്ടികളാണ്. തീ നിയന്ത്രണ വിധേയമാക്കിയതായും രക്ഷാ പ്രവര്‍ത്തനം തുടരുന്നതായും ദൗത്യ സംഘം വ്യക്തമാക്കി. പരിക്കേറ്റവരെ രാജ്‌കോട്ടിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ പലതും കത്തിക്കരിഞ്ഞ നിലയിലാണ്. ആളുകളെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും. ഗെയ്മിംഗ് സെന്ററിന്റെ ഉടമയെയും മാനേജറെയും അറസ്റ്റുചെയ്തിട്ടുണ്ട്. ഇന്നലെ വൈകിട്ടാണ് നഗരത്തിലെ ടിആര്‍പി ഗെയിമിങ് സെന്ററില്‍ വന്‍ തീപിടിത്തമുണ്ടായത്.
Read Also: നെടുങ്കണ്ടം ഡീലേഴ്‌സ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ വന്‍ തട്ടിപ്പ്: തട്ടിയത് 1.20 കോടി രൂപ
അതിനിടെ ദുരന്തത്തിന് കാരണമായത് വന്‍ സുരക്ഷാ വീഴ്ചയെന്നാണ് പുറത്തുവരുന്ന വിവരം. ടിആര്‍പി ഗെയിം സോണ്‍ രണ്ടുവര്‍ഷമായി പ്രവര്‍ത്തിച്ചത് ഫയര്‍ എന്‍ഒസി ഇല്ലാതെയാണെന്ന് വ്യക്തമായി. രണ്ട് നിലയിലുള്ള ഗെയിം സോണിലേക്ക് ഒരു എന്‍ട്രിയും, ഒരു എക്‌സിറ്റ് ഗേറ്റും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാര്‍ റേസിങിന് ഉപയോഗിക്കാന്‍ കൂടിയ അളവില്‍ ഇന്ധനം സൂക്ഷിച്ചത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. അവധി ദിവസമായതിനാല്‍ ഓഫര്‍ നിരക്കില്‍ ടിക്കറ്റ് നല്‍കിയതോടെ തിരക്കേറി. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ദുരന്തസ്ഥലം സന്ദര്‍ശിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു. എഡിജിപിയുടെ നേതൃത്വത്തിലുള്ള എസ്‌ഐടി സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ആളുകള്‍ കുടുങ്ങിയിട്ടുണ്ടോ എന്നറിയാന്‍ ദൗത്യസംഘത്തിന്റെ പരിശോധന തുടരുകയാണ്.