സ്കോളർഷിപ്പിന് സഹായിക്കാമെന്ന് ഫോൺആപ്പിലൂടെ സ്ത്രീശബ്ദത്തിൽ വിളിച്ചുവരുത്തി 7 വിദ്യാർത്ഥിനികളെ ബലാത്സംഗം ചെയ്തു
ഭോപ്പാൽ: കോളേജ് പ്രൊഫസർ എന്ന പേരിൽ വോയ്‌സ് ചേഞ്ചിംഗ് ആപ്പ് ഉപയോഗിച്ച് വിളിച്ചുവരുത്തി ഏഴ് ആദിവാസി പെൺകുട്ടികളെ ബലാത്സംഗം ചെയ്ത പ്രതി പിടിയിൽ. ബ്രജേഷ് കുശ്വാഹയാണ് പിടിയിലായത്. സ്കോളർഷിപ്പ് നേടാൻ സാഹയിക്കാമെന്ന് പറഞ്ഞ് കോളേജിലെ വനിതാ പ്രൊഫസറെന്ന് തെറ്റിദ്ധരിപ്പിച്ച് വോയ്‌സ് ചേഞ്ചിംഗ് ആപ്പ് ഉപയോഗിച്ചാണ് ഇയാൾ പെൺകുട്ടികളെ കബിളിപ്പിച്ചതും ബലാത്സംഗത്തിനിരയാക്കിയതും. ജനുവരി മെയ് മാസങ്ങളിൽ പെൺകുട്ടികൾ ബലാത്സംഗത്തിനിരയായതായും പൊലീസ് പറയുന്നു.
പെൺശബ്ദത്തിൽ വനിത പ്രൊഫസറുടെ പേര് പറഞ്ഞ് വിദ്യാർത്ഥികളെ വിളിക്കുകയും ആളൊഴിഞ്ഞ പ്രദേശത്തേക്ക് വരാൻ ആവശ്യപ്പെടുകയുമാണ് ഇയാളുടെ രീതിയെന്നാണ് പൊലീസ് പറയുന്നത്. ഇങ്ങനെ എത്തിച്ചേരുന്ന വിദ്യാർത്ഥികളെ കാട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഏഴ് ആദിവാസി വിദ്യാർത്ഥികളെയാണ് ഇത്തരത്തിൽ ബ്രജേഷ് കുശ്വാഹ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ബ്രജേഷ് കുശ്വാഹ എപ്പോഴും ഹെൽമെറ്റ് ധരിക്കുമെന്നും വിദ്യാർത്ഥികൾ പൊലീസിനോട് വെളിപ്പെടുത്തി.
എപ്പോഴും കയ്യുറകൾ ധരിക്കുന്ന സ്വഭാവം ഇയാൾക്ക് ഉണ്ടെന്നും വിദ്യാർത്ഥികൾ പൊലീസിനെ അറിയിച്ചിരുന്നു. മഹാരാഷ്ട്രയിലെ ഒരു റോളിംഗ് മില്ലിൽ ജോലി ചെയ്യുന്നതിനിടെ കൈ പൊള്ളലേറ്റിരുന്നു അതിനെ തുടർന്നാണ് ഇയാൾ കയ്യുറകൾ ധരിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. വിദ്യാർത്ഥികൾ പറഞ്ഞ ഇത്തരം വിവരങ്ങളാണ് ബ്രജേഷ് കുശ്വാഹയിലേക്ക് എത്താൻ സഹായമായത്. ബ്രജേഷ് കുശ്വാഹയുടെ അറസ്റ്റ് പൊലീസ് ശനിയാഴ്ച തന്നെ രേഖപ്പെടുത്തി. പ്രതിയുടെ വീടിന് നേരെ ആക്രമണം നടന്നിരുന്നു.
സ്‌കോളർഷിപ്പ് ലഭിക്കാൻ സഹായിക്കാമെന്ന പേരിൽ ഒരു പുരുഷൻ തന്നെ വിജനമായ ഒരു പ്രദേശത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന് ഒരു വിദ്യാർത്ഥി നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയതെന്നും ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് മഹേന്ദ്ര സികർവാർ പറഞ്ഞു. ഒരു സെൽഫോൺ ആപ്പ് ഉപയോഗിച്ച് തൻ്റെ ശബ്ദം സ്ത്രീ ശബ്ദത്തിലേക്ക് മാറ്റാറുണ്ടായിരുന്നുവെന്ന് പ്രതി സമ്മതിച്ചതായും പൊലീസ് പറഞ്ഞു.
കുശ്വാഹ നിരക്ഷരനാണെന്നും എന്നാൽ ആപ്പ് ഉപയോഗിക്കാനാറിയാമെന്നും ഫോണിൽ നമ്പറുകൾ എക്‌സ്‌ട്രാക്‌റ്റു ചെയ്യാൻ അറിയമെന്നും പൊലീസ് പറയുന്നു. ശബ്ദം മാറ്റുന്ന ആപ്പുകൾ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് ജാഗ്രത വേണമെന്നും ജനങ്ങൾക്ക് സൈബർ സെൽ മുന്നറിയിപ്പ് നൽകി. കേസ് അന്വേഷിക്കാനും കുശ്‌വാഹ കൂടുതൽ സ്ത്രീകളെ ലക്ഷ്യമിട്ടിരുന്നോ എന്ന് പരിശോധിക്കാനും ഒമ്പതംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഒരു വനിതാ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ടീമിനെ നയിക്കുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിൻ്റെ നിർദ്ദേശപ്രകാരമാണ് അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നത്.