‘കൊറോണയ്ക്ക് ശേഷം അടുത്ത മഹാമാരി വരുന്നു, ലോകരാജ്യങ്ങള്‍ തയ്യാറാകണം’- മുന്നറിയിപ്പുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍


കൊറോണ ലോകത്തെ തകർത്തതിന്റെ ഞെട്ടലിൽ നിന്ന് ഇപ്പോഴും ജനങ്ങൾ മുക്തരായിട്ടില്ല. ഇതിനിടെ, ഒരു മഹാമാരി കൂടി ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അത് ഒഴിവാക്കാനാകില്ലെന്നും ബ്രിട്ടീഷ് സർക്കാരിന്റെ മുന്‍ ശാസ്ത്ര ഉപദേഷ്ടാവായിരുന്ന സർ പാട്രിക്ക് വാലന്‍സ്.

സർക്കാരുകള്‍ തയ്യാറെടുപ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വാലന്‍സ് നിർദേശിച്ചു. ഹായ് ഫെസ്റ്റിവലില്‍ സംസാരിക്കവെയാണ് വാല‍ന്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. ജി7 ഉച്ചകോടിയില്‍ ലോകനേതാക്കള്‍ക്ക് നല്‍കിയ നിർദേശങ്ങള്‍ വാലന്‍സ് ആവർത്തിച്ചു.

‘നമ്മള്‍ കൂടുതല്‍ വേഗത്തില്‍ പ്രവർത്തിക്കേണ്ടതുണ്ട്. പരിശോധനകള്‍ ദ്രുതഗതിയിലാക്കണം. വാക്സിന്‍, ചികിത്സ എന്നിവയ്‌ക്കെല്ലാം അടിയന്തര പ്രാധാന്യം നല്‍കണം. ഇത്തരം കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയാണെങ്കില്‍ കടുത്ത സാഹചര്യങ്ങളിലേക്ക് കടക്കുന്നത് ഒഴിവാക്കാനാകും,’ വാലന്‍സ് വ്യക്തമാക്കി. 2023 എത്തിയപ്പോഴേക്കാം താന്‍ നിർദേശിച്ച കാര്യങ്ങള്‍ ജി7 നേതാക്കള്‍ മറന്നു. ഒരിക്കലും ഇത്തരം കാര്യങ്ങളെ തള്ളിക്കളയരുതെന്നും വാലന്‍സ് കൂട്ടിച്ചേർത്തു.

മഹാമാരികള്‍ സംബന്ധിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്‌ഒ) നിർദേശങ്ങളെക്കുറിച്ചും വാലന്‍സ് പരാമർശിച്ചു. മഹാമാരികളെ നേരിടാന്‍ ലോകരാജ്യങ്ങള്‍ ഒരുമിച്ച്‌ പ്രവർത്തിക്കണമെന്നാണ് ഡബ്ല്യുഎച്ച്‌ഒ മുന്നോട്ടുവെച്ച ആശയം. പക്ഷേ, ഇക്കാര്യത്തില്‍ വ്യക്തമായൊരു ധാരണയുണ്ടായതായി കരുതുന്നില്ല, വാലന്‍സ് ചൂണ്ടിക്കാണിച്ചു.

മഹാമാരി പോലുള്ള സാഹചര്യങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായ ഇടപെടലുകള്‍ അനിവാര്യമാണെന്നും അതിന്റെ അഭാവം നിലനില്‍ക്കുന്നുണ്ടെന്നും വാലന്‍സ് പറയുന്നു. ബ്രിട്ടനില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ സർക്കാരിന്റെ പ്രഥമ പരിഗണനകളിലൊന്ന് മഹാമാരികളെ നേരിടാനുള്ള തയാറെടുപ്പുകളാകണമെന്നും വാലന്‍സ് നിർദേശിച്ചു. ഋഷി സുനക് സർക്കാരിന്റെ പുകവലി വിരുദ്ധ ബില്ലിനെ വാലന്‍സ് അഭിനന്ദിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിന് മുന്‍പ് ബില്‍ നടപ്പാകില്ല എന്നതില്‍ നിരാശ പ്രകടിപ്പിക്കാനും വാലന്‍സ് മടിച്ചില്ല.