‘പാകിസ്താന്‍ ഇന്ത്യയുമായുള്ള ലാഹോര്‍ കരാര്‍ ലംഘിച്ചു, അത് ഞങ്ങളുടെ തെറ്റായിരുന്നു’- വെളിപ്പെടുത്തലുമായി നവാസ് ഷെരീഫ്


ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള 1999ലെ ലാഹോര്‍ കരാര്‍ പാകിസ്താന്‍ ലംഘിച്ചെന്ന് വെളിപ്പെടുത്തി പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ‘അത് ഞങ്ങളുടെ തെറ്റായിരുന്നു’ എന്നാണ് കരാര്‍ ലംഘനം പരാമര്‍ശിച്ച് നവാസ് ഷെരീഫ് പറഞ്ഞത്. കാർഗിൽ യുദ്ധത്തിന് വഴിതെളിച്ച ജനറൽ പർവേസ് മുഷാറഫിൻ്റെ നീക്കത്തെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു നവാസ് ഷെരീഫിൻ്റെ വെളിപ്പെടുത്തൽ പാകിസ്താന്‍ മുസ്ലിം ലീഗിന്റെ യോഗത്തില്‍ സംസാരിക്കവെയായിരുന്നു പരാമര്‍ശം.

‘1998 മെയ് 28ന് അഞ്ച് ആണവ പരീക്ഷണങ്ങളാണ് പാകിസ്താന്‍ നടത്തിയത്. ഇതിന് പിന്നാലെ വാജ്‌പേയി സാഹിബ് വന്ന് ഞങ്ങളുമായി ഒരു കരാറുണ്ടാക്കി.പക്ഷെ ഞങ്ങള്‍ ആ കരാര്‍ ലംഘിച്ചു. അത് ഞങ്ങളുടെ തെറ്റായിരുന്നു’, നവാസ് ഷെരീഫ് പറഞ്ഞു.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സമാധാന ഉടമ്പടിയായിരുന്നു 1999 ഫെബ്രുവരി 21ന് ഒപ്പുവെച്ച ലാഹോര്‍ കരാര്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിനും ജനങ്ങള്‍ തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും ആഹ്വാനം ചെയ്യുന്നതായിരുന്നു കരാര്‍. എന്നാല്‍ കരാര്‍ ഒപ്പുവെച്ച് മാസങ്ങള്‍ക്ക് ശേഷം പാകിസ്താന്‍ നടത്തിയ നുഴഞ്ഞുകയറ്റമാണ് കാര്‍ഗില്‍ യുദ്ധത്തിലേക്ക് നയിച്ചത്.

ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റന്‍ അഞ്ച് ബില്ല്യണ്‍ യുഎസ് ഡോളര്‍ വാഗ്ദാനം ചെയ്‌തെന്നും നവാസ് ഷെരീഫ് പറഞ്ഞു. പക്ഷെ താനത് നിഷേധിച്ചു, ആ സമയം ഇമ്രാന്‍ ഖാനായിരുന്നു തന്റെ സ്ഥാനത്തെങ്കില്‍ ആ ഓഫര്‍ സ്വീകരിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇമ്രാന്‍ ഖാന് അധികാരത്തിലെത്താന്‍ പാകിസ്താന്‍ സ്‌പൈ ഏജന്‍സി കെട്ടിച്ചമച്ചതാണ് തനിക്കെതിരായ കേസെന്നും നവാസ് ഷെരീഫ് ആരോപിച്ചു.