ആകാശമധ്യത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു: പൈലറ്റിന് ദാരുണാന്ത്യം



ലിസ്ബണ്‍: എയര്‍ ഷോയ്ക്കിടെ രണ്ട് ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റ് കൊല്ലപ്പെട്ടു. തെക്കന്‍ പോര്‍ച്ചുഗലിലാണ് സംഭവം. എയര്‍ ഷോയില്‍ ആറ് വിമാനങ്ങള്‍ ഉള്‍പ്പെടുന്ന വ്യോമ പ്രകടനത്തിനിടെ രണ്ട് വിമാനങ്ങള്‍ അപകടത്തില്‍ പെട്ടുവെന്നും ഖേദിക്കുന്നുവെന്നുമാണ് പോര്‍ച്ചുഗീസ് വ്യോമസേന അറിയിച്ചത്. പ്രാദേശിക സമയം വൈകീട്ട് 4:05 നായിരുന്നു സംഭവമെന്നും അറിയിച്ചു. വിമാനങ്ങളിലൊന്നിന്റെ പൈലറ്റ് മരിച്ചതായി പോര്‍ച്ചുഗീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Read Also: വോട്ടെണ്ണൽ നടക്കാനിരിക്കെ ജമ്മു കാശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ

സോവിയറ്റ് രൂപകല്പന ചെയ്ത എയറോബാറ്റിക് പരിശീലന മോഡലായ രണ്ട് യാക്കോവ്‌ലെവ് യാക്ക് -52 വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. സ്പാനിഷ് പൗരനായ പൈലറ്റ് മരിച്ചു. രണ്ടാമത്തെ വിമാനത്തിന്റെ പൈലറ്റിന് സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍ ഉടനെ സംഭവ സ്ഥലത്തെത്തി. ബെജ വിമാനത്താവളത്തിലെ ഷോ താല്‍ക്കാലികമായി നിര്‍ത്തിവെച്ചെന്ന് സംഘാടകര്‍ അറിയിച്ചു.

സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരാള്‍ ചിത്രീകരിച്ച വീഡിയോ പുറത്തുവന്നു. ആറ് വിമാനങ്ങള്‍ പറന്നുയരുന്നത് ദൃശ്യത്തില്‍ കാണാം. അവയിലൊന്ന് മറ്റൊന്നില്‍ ഇടിക്കുകയും താഴെ വീഴുകയുമായിരുന്നു.