ക്ഷേത്രദര്‍ശനം എന്തിന് നടത്തണം ഈശ്വരൻ സർവ്വവ്യാപിയല്ലേ എന്ന് സംശയിക്കുന്നവരോട്, കാരണം ഇതാണ്



ജീവികളെ മോഹിപ്പിച്ച് അപകടങ്ങളിലേക്കും ദുര്‍മ്മാര്‍ഗ്ഗങ്ങളിലേക്കും നയിച്ച് അവയെ സര്‍വ്വനാശത്തില്‍ എത്തിക്കുന്നത് കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക് മുതലായ പഞ്ചേന്ദ്രിയങ്ങള്‍ ആണ് എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. അതിനു ഉദാഹരണമായി ശ്രീമദ് ഭാഗവതത്തില്‍ അഞ്ചു ജീവികളെക്കുറിച്ച് വര്‍ണ്ണിക്കുന്നു. കണ്ണ് മൂലം ഇയ്യാംപാറ്റയും, ചെവി മൂലം മാനും, നാക്ക് മൂലം മത്സ്യവും, മൂക്ക് മൂലം വണ്ടും, ത്വക്ക് മൂലം ആനയും അപകടത്തില്‍പ്പെട്ടു നശിക്കുന്നു.

മനസ്സും ബുദ്ധിയും എപ്പോഴും പിന്തുടരുന്നത് ഈ ഇന്ദ്രിയങ്ങളെ ആണ് എന്നതിനാല്‍ മനുഷ്യന്‍ എത്രത്തോളം അപകടങ്ങളിലൂടെയും ദുര്‍മാര്‍ഗ്ഗങ്ങളിലൂടെയും ആണ് ദിവസവും സഞ്ചരിക്കുന്നത് ? എന്തെങ്കിലും ഒന്ന് കണ്ടാല്‍; ഒരു ശബ്ദം കേട്ടാല്‍; ഒരു ഗന്ധം ലഭിച്ചാല്‍ അത് നല്ലതോ ചീത്തയോ എന്തുമാകട്ടെ ; ഉടനെ തന്നെ മനസ്സ് അങ്ങോട്ട്‌ തിരിയുന്നു. നാക്കിനു രുചിയുള്ള ഭക്ഷണം തേടി അവന്‍ എല്ലാ രോഗങ്ങളും വരുത്തി വെക്കുന്നു.

ഇതില്‍ നിന്നും ഒരു കാര്യം സംശയമന്യേ സ്പഷ്ടമാകുന്നു. മുകളില്‍ വിവരിച്ച അഞ്ച് ഇന്ദ്രിയങ്ങളെയും നമുക്ക് തിന്മയില്‍ നിന്നും നന്മയിലേക്ക് നയിക്കാന്‍ കഴിഞ്ഞാല്‍ മനസ്സും ബുദ്ധിയും ആ മാര്‍ഗ്ഗം പിന്തുടരുകയും കാലക്രമേണ മനുഷ്യന് ഇന്ദ്രിയ വിഷയങ്ങളില്‍ നിന്നും മുക്തി നേടി യോഗയുക്തന്‍ ആകുവാന്‍ കഴിയുകയും ചെയ്യും. പക്ഷെ അതിനു എന്താണ് ഒരു മാര്‍ഗ്ഗം ?

മനുഷ്യന്റെ അഞ്ച് ഇന്ദ്രിയങ്ങളെയും അസാന്മര്‍ഗ്ഗികമായ വിഷയങ്ങളില്‍ നിന്നും സന്മാര്‍ഗ്ഗത്തിലേക്ക് നയിക്കുവാനുള്ള വളരെ ശാസ്ത്രീയമായ ഒരു മാര്‍ഗ്ഗമാണ് ക്ഷേത്ര ദര്‍ശനം. നമ്മുടെ പൂര്‍വ്വികരും ഗുരുക്കന്മാരും അതിനുവേണ്ട എല്ലാം തന്നെ ക്ഷേത്രങ്ങളില്‍ ഒരുക്കി വച്ചിരിക്കുന്നു.

1) ഈശ്വരന്റെ അടയാളമായ ക്ഷേത്രം, അതിലെ വിഗ്രഹം, ദീപം മുതലായവ ദര്‍ശിക്കുന്നത് നമ്മുടെ കണ്ണുകളേയും.

2) ചന്ദനം, ചന്ദനത്തിരി, കര്‍പ്പൂരം എന്നിവയുടെ സുഗന്ധം നമ്മുടെ മൂക്കിനേയും.

3) പ്രസാദം, തീര്‍ത്ഥം എന്നിവ സേവിക്കുന്നതും, ഈശ്വര മന്ത്രം ജപിക്കുന്നതും നമ്മുടെ നാവിനെയും.

4) ശംഖനാദം, മണിനാദം, മന്ത്രധ്വനി, സോപാന സംഗീതം മുതലായവ നമ്മുടെ ചെവികളെയും.

5) ചന്ദനം, ഭസ്മം, തീര്‍ത്ഥം എന്നിവ നെറ്റിയിലും ശരീരത്തിലും ലേപനം ചെയ്യുന്നത് നമ്മുടെ ത്വക്കിനെയും.

കാലം ചെല്ലുമ്പോള്‍ ക്ഷേത്രദര്‍ശനം കൂടാതെ തന്നെ മനസ്സ് ഈശ്വരനില്‍ എല്ലായ്പോഴും വര്‍ത്തിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകുകയും, ക്ഷേത്രത്തില്‍ മാത്രമല്ലാതെ സര്‍വ ചരാചരങ്ങളിലും, അവസാനം സ്വയം തന്നിലും സര്‍വവ്യാപിയും, പരമാത്മാവുമായ ഈശ്വരന്റെ വിശ്വരൂപം ദര്‍ശിച്ച് മനുഷ്യന്‍ മുക്തനാവുകയും ചെയ്യുന്നു.

ഈശ്വരന്‍ സര്‍വ്വവ്യാപിയാണ്; അതിനാല്‍ ക്ഷേത്രത്തില്‍ പോകേണ്ട ആവശ്യം ഇല്ല എന്ന് പറയുന്നവര്‍ അവരുടെ അഞ്ചു ഇന്ദ്രിയങ്ങളും സാത്വിക വിഷയങ്ങളില്‍ തന്നെയാണോ എപ്പോഴും രമിക്കുന്നത് എന്ന് ഒരു ആത്മപരിശോധന നടത്തുക. അതിനു ശേഷം ക്ഷേത്ര ദര്‍ശനം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുക. അഞ്ച് ഇന്ദ്രിയങ്ങളും സര്‍വ്വദാ സാത്വിക വിഷയങ്ങളില്‍ രമിക്കും വരെ ഓരോ വ്യക്തിയും ക്ഷേത്ര ദര്‍ശനം തുടരുക തന്നെ വേണം. ഇക്കാരണങ്ങള്‍ കൊണ്ടാണ് ജഗത്ഗുരു ആദി ശങ്കരാചാര്യര്‍, ശ്രീ നാരായണ ഗുരുദേവന്‍ മുതലായ അദ്വൈതജ്ഞാനികളായ മഹാഗുരുക്കന്മാര്‍ പോലും അജ്ഞാനികളായ മനുഷ്യര്‍ക്ക്‌ വേണ്ടി ക്ഷേത്ര പ്രതിഷ്ഠകളും പൂജാ വിധികളും കല്‍പ്പിച്ചു കൊടുത്തത്,

*ക്ഷേത്ര ദര്‍ശന നിയമം*

ഗര്‍ഭഗൃഹത്തില്‍ തളംകെട്ടിനില്‍ക്കുന്ന ഈശ്വര ചൈതന്യം നമ്മളിലേക്ക് പ്രവഹിക്കുന്നതിന് നടയ്ക്ക്‌ നേരെ നില്‍ക്കാതെ ഇടത്തോ വലത്തോ ചേര്‍ന്ന് ഏതാണ്ട് 30ഡിഗ്രി ചരിഞ്ഞ് നിന്നു വേണം തൊഴേണ്ടത്. കൈകാലുകള്‍ ചേര്‍ത്ത് കൈപ്പത്തികള്‍ താമരമൊട്ടുപോലെ പിടിച്ചു ധ്യാനശ്ലോകമോ മൂലമന്ത്രമോ ജപിച്ചുകൊണ്ട് നില്‍ക്കണം.

*നമസ്കാര വിധി*

ഹൈന്ദവാചാരപരമായി നമസ്കാരങ്ങൾ നാല് വിധമുണ്ട്. സൂര്യനമസ്കാരം, സാഷ്ടാംഗ നമസ്കാരം, ദണ്ഡ നമസ്കാരം, പാദ നമസ്കാരം എന്നിങ്ങനെ.

*സൂര്യനമസ്കാരം*

സൂര്യനമസ്കാരം ഒരു പൂജാംഗമെന്ന നിലയിലും കർമ്മകാണ്ഡമെന്ന നിലയിലും, യോഗാഭ്യാസത്തിലെ ഒരു ഭാഗമെന്ന നിലയിലും അനുഷ്ഠിക്കാറുണ്ട്.

*സാഷ്ടാംഗ നമസ്കാരം*

സാഷ്ടാംഗ നമസ്കാരം എന്നത് നമ്മുടെ ശരീരത്തിന്റെ എട്ടംഗങ്ങൾ നിലത്ത് സ്പർശിച്ചുകൊണ്ട് (നെറ്റി, മൂക്ക്, നെഞ്ച്, വയറ്, ലിംഗം, കാൽമുട്ട്, കൈപ്പത്തി, കാൽവിരൽ) ചെയ്യുന്ന നമസ്കാരമാകുന്നു.