ആസ്ഥാനനിരീക്ഷണ പദവിയിലിരുന്ന് അച്ചാരം വാങ്ങിയുള്ള നിരീക്ഷണം അതിരുകടക്കാതിരിക്കുന്നതാണ് നല്ലത്: പ്രഫുല്‍ കൃഷ്ണ


സുരേഷ് ഗോപിയെ തൃശൂരില്‍ തോല്‍പ്പിക്കാൻ ബിജെപിയുടെ സംസ്ഥാനഘടകം പരിശ്രമിച്ചുവെന്നുവെന്ന ശ്രീജിത്ത് പണിക്കരുടെ പ്രസ്താവനയ്ക്ക് ബിജെപി നേതാവ് സുരേന്ദ്രൻ മറുപടി നൽകിയത് വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ പണിക്കർക്ക് മറുപടിയുമായി യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ പ്രഫുല്‍ കൃഷ്ണ രംഗത്ത്. ആസ്ഥാന നിരീക്ഷണ പദവിയിലിരുന്ന് അച്ചാരം വാങ്ങിയുള്ള നിരീക്ഷണം അതിരുകടക്കാതിരിക്കുന്നതാണ് നല്ലത് എന്നാണ് യുവ മോർച്ച നേതാവിന്റെ കുറിപ്പ്.

read also: കൂണ്‍ കഴിച്ചതിന് പിന്നാലെ അസ്വസ്ഥത: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പ്രഫുല്‍ കൃഷ്ണയുടെ പോസ്റ്റ് ഇങ്ങനെ:

രാഷ്ട്രീയ നിരീക്ഷകന് അഭിപ്രായം പറയാൻ അതിരുകള്‍ ഒന്നും ഇല്ല എന്നുള്ളത് സത്യം തന്നെ. പക്ഷെ ആ അഭിപ്രായസ്വാതന്ത്ര്യം എന്ത് തോന്ന്യവാസവും വിളിച്ച്‌ പറയാൻ ഉള്ള ലൈസൻസ് ആണെന്ന് കരുതരുത്.

ബി. ജെ. പി സംസ്ഥാന നേതൃത്വം സുരേഷ് ഗോപിയെ തോല്‍പ്പിക്കാൻ ശ്രമിക്കുന്നു എന്ന് ചാനല്‍ മുറിയില്‍ ഇരുന്ന് ഇലക്ഷന് തൊട്ട് മുന്നെ വിളിച്ചു പറയുന്നതിന്റെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കാൻ പാഴൂർ പടിപ്പുര വരെയൊന്നും പോകണ്ട. സുരേഷ് ഗോപിയെ തകർക്കാൻ വലിയ ഗൂഢാലോചന ചില മാധ്യമങ്ങളും മറ്റ് രാഷ്ട്രീയ പാർട്ടികളും നടത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് മാധ്യമപ്രവർത്തകയെ അപമാനിച്ചു എന്ന കേസുപോലും ഉണ്ടാക്കിയത്.

എന്തുകൊണ്ട് വന്നാലും അതിനെയൊക്കെ കൃത്യമായി പ്രതിരോധിക്കാൻ സാധിച്ചതുകൊണ്ട് തന്നെയാണ് കേരളത്തില്‍ ശ്രീ കെ സുരേന്ദ്രൻജിയുടെ നേതൃത്വത്തില്‍ ഈ ഉജജ്വല വിജയം ഞങ്ങള്‍ക്ക് ഉണ്ടായതും. കൊടകരയെന്നും, നിയമനമെന്നും പറഞ്ഞ് അക്രമിക്കാൻ വട്ടം കൂടിയവരില്‍ നിക്ഷ്പക്ഷ മുഖമൂടിയിട്ട നിരീക്ഷകരും ഉണ്ടായിരുന്നു… ആസ്ഥാന നിരീക്ഷണ പദവിയിലിരുന്ന് അച്ചാരം വാങ്ങിയുള്ള നിരീക്ഷണം അതിരുകടക്കാതിരിക്കുന്നതാണ് നല്ലത്.