പാര്‍ട്ടിപ്പത്രത്തിനായി വായ്പയെടുത്ത സി.പി.എം.നേതാക്കള്‍ വെട്ടില്‍: കടക്കെണിയിലെന്ന് സോഷ്യൽ മീഡിയ പോസ്റ്റ്


കായംകുളം: സഹകരണബാങ്കില്‍നിന്നു വായ്പയെടുത്ത് പാർട്ടിപ്പത്രത്തിനു വരിക്കാരെ ചേർത്ത കായംകുളത്തെ പ്രാദേശിക സി.പി.എം.നേതാക്കള്‍ വെട്ടിലായിരിക്കുകയാണ്. വരിക്കാരില്‍നിന്നു പണം പിരിച്ചെടുത്ത് വായ്പ തിരിച്ചടയ്ക്കാൻ കഴിയാഞ്ഞത്തോടെ കടക്കെണിയിലായി. ഇക്കാര്യം വെളിപ്പെടുത്തി  മുതിർന്ന പ്രവർത്തകൻ ഫെയ്സ്ബുക്ക് പോസ്റ്റിട്ടതോടെയാണു സംഭവം പുറത്തായത്.

സി.പി.എം. കായംകുളം ഏരിയയില്‍ പത്രത്തിനു കൂടുതല്‍ വരിക്കാരെ ചേർക്കുന്നതിന് പാർട്ടി ഭരിക്കുന്ന സഹകരണ സംഘങ്ങളില്‍നിന്നാണ് പരസ്പരജാമ്യത്തില്‍ വായ്പയനുവദിച്ചത്. പാർട്ടിപ്രവർത്തകരെയും കുടുംബാംഗങ്ങളെയും ജാമ്യക്കാരാക്കി. ബാങ്കില്‍നിന്നു നിരന്തരം കുടിശ്ശിക നോട്ടീസ് വന്നതോടെ നേതാക്കളെ സമീപിച്ചെങ്കിലും അവർ കൈമലർത്തുകയാണെന്നു കൃഷ്ണപുരത്തെ മുതിർന്ന പാർട്ടിപ്രവർത്തകനായ സി.കെ. കുട്ടൻ(കുട്ടൻ സഖാവ്) പോസ്റ്റിട്ടത്. തിരിച്ചടയ്ക്കാൻ മാർഗമില്ലാത്തവർ പാർട്ടി ഓഫീസുകള്‍ കയറിയിറങ്ങുകയാണെന്നും പാർട്ടിയിലെ ചിലരുടെ താത്പര്യത്തിനായി നൂറുകണക്കിനാളുകളെ വായ്പക്കെണിയില്‍ കുരുക്കിയതായി പോസ്റ്റില്‍ പറയുന്നു.

read also: രാജ്യത്തിന്റെ 30ാം കരസേനാ മേധാവിയായി ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി

അഞ്ചുവർഷം മുൻപ് കൃഷ്ണപുരം, പുള്ളിക്കണക്ക് സൊസൈറ്റികളില്‍നിന്നും ഭാര്യ, മകൻ എന്നിവരെ ജാമ്യക്കാരാക്കി കുട്ടൻ വായ്പയെടുത്തിരുന്നു. ‘രണ്ടു ബാങ്കുകളിലായി 50,000 രൂപയുടെ ബാധ്യതയുണ്ട്. 78 വയസ്സുള്ള താനിപ്പോള്‍ രോഗങ്ങളാല്‍ അവശനാണ്. വർഷങ്ങളോളം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന താൻ പരിഹാരത്തിനായി പലതവണ നേതൃത്വത്തെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല.’- എന്നും പോസ്റ്റില്‍ പറയുന്നു. ഇതിനുതാഴെ പ്രധാന ചുമതലവഹിക്കുന്ന പലരും സ്വന്തം അനുഭവം വ്യക്തമാക്കി രംഗത്ത് എത്തിയതോടെ പാർട്ടി നേതൃത്വത്തിനു തലവേദനയായിരിക്കുകയാണ്.