ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തിനാണ് ന്യൂനപക്ഷ സംരക്ഷണം: ബിജെപിക്ക് വോട്ട് ലഭിക്കാന്‍ വെള്ളാപ്പള്ളി കാരണമായി- സിപിഎം
തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബിജെപിക്ക് വോട്ട് ലഭിക്കാന്‍ വെള്ളാപ്പള്ളിയെ പോലുള്ളവര്‍ പ്രവര്‍ത്തിച്ചു, എല്‍ഡിഎഫ് രാജ്യസഭാംഗങ്ങളെ നിശ്ചയിച്ചതിനെതിരെയുള്ള പ്രസ്താവന ഈ ദിശയിലുള്ളതാണെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു.
‘പലമതസാരവുമേകം’ എന്ന കാഴ്ച്ചപ്പാട് ഉയര്‍ത്തിപ്പിടിച്ച ഗുരുദര്‍ശനം തന്നെയാണോ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടേതെന്ന് എം വി ഗോവിന്ദന്‍ ചോദിച്ചു. ഇക്കാര്യം ശ്രീനാരായണ ദര്‍ശനം പിന്തുടരുന്നവര്‍ ആലോചിക്കണം. ദേശാഭിമാനിയിലെ പ്രതിവാര പംക്തിയിലാണ് എം വി ഗോവിന്ദന്റെ വിമര്‍ശനം.
ഇന്ത്യന്‍ റിപ്പബ്ലിക്കും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ന്യൂനപക്ഷ സംരക്ഷണത്തെ സിപിഐഎം കാണുന്നത്. ഈ നിലപാട് ആരെങ്കിലും തെറ്റായി മനസിലാക്കിയിട്ടുണ്ടെങ്കില്‍ ആ തെറ്റിദ്ധാരണ തിരുത്താന്‍ സിപിഐഎം ശ്രമിക്കും. ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാനുള്ള എല്ലാ ശ്രമവും പാര്‍ട്ടിയുടെയും നേതാക്കളുടെയും ഭാഗത്തുനിന്നും ഉണ്ടാകും. തെറ്റുകള്‍ ജനങ്ങളോട് ഏറ്റുപറഞ്ഞ് അവരുടെ വിശ്വാസം തിരിച്ചുപിടിക്കുക എന്നതാണ് സിപിഐഎമ്മിന്റെ ശ്രമമെന്നും എം വി ഗോവിന്ദന്‍ ലേഖനത്തില്‍ പറയുന്നുണ്ട്.