ഡൊണൾഡ് ട്രംപിന് വെടിയേറ്റു: പെൻസിൽവാനിയയിലെ റാലിക്കിടെ അക്രമി വെടിയുതിർത്തു, ട്രംപിന് പരുക്ക്


ന്യൂയോർക്ക്: മുൻ അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപിനുനേരെ വധശ്രമം. പെൻസിൽവേനിയയിലെ ബട്ട്ലറിൽ പൊതുവേ​ദിയിൽ പ്രസം​ഗിക്കുന്നതിനിടെ അക്രമി വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ട്രംപിന് പരിക്കേറ്റു എന്നാണ് റിപ്പോർട്ട്. ട്രംപിൻറെ വലത്തേ ചെവിയിൽ നിന്ന് രക്തം ഒഴുകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. അതേസമയം, സമീപമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച ട്രംപിന്റെ ആരോ​ഗ്യ നില തൃപ്തികരമെന്നാണ് റിപ്പോർട്ട്.

അക്രമിയെന്ന് സംശയിക്കുന്നയാളും പരിപാടിയിൽ പങ്കെടുക്കാനെത്തിയ മറ്റൊരാളും കൊല്ലപ്പെട്ടുവെന്നാണ് സൂചന.അക്രമണം ഉണ്ടായ ഉടനെ സ്ക്രീട്ട് സർവീസ് സുരക്ഷാ സേന ഇടപെട്ട് ട്രംപിന് സുരക്ഷാ വലയം തീർത്തു. ട്രംപ് നിലവിൽ സുരക്ഷിതനാണെന്ന് സുരക്ഷാ സേന അറിയിച്ചു.

സംഭവത്തിൻറെ പ്രാഥമിക വിവരങ്ങൾ പ്രസിഡൻറ് ജോ ബൈഡനെ ധരിപ്പിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ട്രംപിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി പരിശോധിച്ചുവെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ട്രംപിൻറെ വക്താവ് അറിയിച്ചു. ഗാലറിയിൽ നിന്ന് വെടിയൊച്ച കേട്ടതായാണ് ദൃക്സാക്ഷികൾ പറയുന്നത്. ട്രംപിനുനേരെയുണ്ടായത് വധശ്രമമാണെന്ന നിലയിലാണ് അന്വേഷണം നടക്കുന്നത്.