ന്യൂഡൽഹി: ട്രെയിൻ അപകടങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ സുരക്ഷിത യാത്രയൊരുക്കാൻ ഒരു ലക്ഷം കോടിയിലധികം രൂപ വകയിരുത്തി കേന്ദ്ര ബജറ്റ്. അടിസ്ഥാന സൗകര്യ വികസനത്തിനും ബജറ്റിൽ ഫണ്ട് നീക്കി വെച്ചിട്ടുണ്ട്. പതിനായിരം പുതിയ ജനറൽ കോച്ചുകൾ വിവിധ ട്രെയിൻ റൂട്ടുകളിൽ ഉൾപ്പെടുത്താനും ബജറ്റിൽ തീരുമാനായിട്ടുണ്ട്.
ആകെ മൊത്തം രണ്ട് ലക്ഷത്തി അറുപത്തി രണ്ടായിരം കോടി രൂപയാണ് റെയിൽവേയ്ക്ക് അനുവദിച്ചിട്ടുള്ളത്. ഇന്ത്യയുടെ ബജറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയാണിത്. കാലപ്പഴക്കമുള്ള ട്രെയിനുകൾ മാറ്റുന്നതിനും സിഗ്നലിങ് സംവിധാനം കാര്യക്ഷമാകുന്നതിനും ഈ ഫണ്ട് വിനിയോഗിക്കും.
നിലവിൽ 4275 കിലോമീറ്റർ മാത്രം സ്ഥാപിച്ച ട്രാക്കിലേക്കുള്ള കവചം വ്യാപകമാക്കാനും ഈ പണം ഉപയോഗിക്കും. 44000ത്തോളം തസ്തികകകളിൽ നിയമനവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കും. ‘സുരക്ഷയ്ക്കും യാത്രക്കാരുടെ ക്ഷേമത്തിനുമാണ് റെയിൽവേയുടെ പ്രഥമ പരിഗണനയെന്ന് ബജറ്റുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.