ഇസ്മയില്‍ ഹനിയ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസില്‍ ബോംബ് ഒളിപ്പിച്ചു വച്ചു, ഹനിയയെ കൊലപ്പെടുത്താന്‍ നീണ്ട ആസൂത്രണം


ടെഹ്‌റാന്‍: ഏറെ നാളത്തെ ആസൂത്രണത്തിനൊടുവിലാണ് ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മയില്‍ ഹനിയയെ വധിച്ചതെന്ന് റിപ്പോര്‍ട്ട്. ഇസ്മയില്‍ ഹനിയ താമസിച്ചിരുന്ന ഗെസ്റ്റ് ഹൗസില്‍ രണ്ട് മാസം മുന്‍പ് ബോംബ് ഒളിപ്പിച്ചു വച്ചിരുന്നതായി വിവിധ രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുത്തു മണിക്കൂറുകള്‍ക്കകമാണ് ഇസ്മയില്‍ ഹനിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ടെഹ്‌റാനിലെ തന്ത്രപ്രധാന കേന്ദ്രത്തിലായിരുന്നു ഹനിയ താമസിച്ച ഗസ്റ്റ് ഹൗസ്. ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡുകളുടെ നിയന്ത്രണത്തിലുള്ള ഇവിടെയാണ് തന്ത്രപ്രധാന യോഗങ്ങള്‍ ചേരുന്നതും പ്രധാന അതിഥികളെ താമസിപ്പിക്കുന്നതും. വിദൂര നിയന്ത്രിത സംവിധാനം ഉപയോഗിച്ച് സ്‌ഫോടനം നടത്തുകയായിരുന്നെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ ഒരു ഭിത്തി തകര്‍ന്നു. ജനലുകള്‍ ഇളകിത്തെറിച്ചു. ഹനിയയുടെ സുരക്ഷാ ഉദ്യോഗസ്ഥനും സ്‌ഫോടനത്തില്‍ മരിച്ചിരുന്നു. ഇസ്രയേലാണ് സ്‌ഫോടനത്തിനു പിന്നിലെന്നാണ് ഇറാനും ഹമാസും ആരോപിക്കുന്നത്. വധത്തിനു പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പ്രഖ്യാപിച്ചു. ഇസ്രയേല്‍ ഔദ്യോഗികമായി വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

 

ഏപ്രിലില്‍ ഗാസയില്‍ ഇസ്രയേലിന്റെ ബോംബാക്രമണത്തില്‍ ഹനിയയുടെ 3 ആണ്‍മക്കളും 4 പേരക്കുട്ടികളും കൊല്ലപ്പെട്ടു. കഴിഞ്ഞ ഒക്ടോബര്‍ 7നു തെക്കന്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ കടന്നാക്രമണത്തിനുശേഷം സംഘടനയുടെ നേതാക്കളെ വകവരുത്തുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിരുന്നു. ഹമാസിന്റെ സൈനിക മേധാവി മുഹമ്മദ് ദായിഫിനെ വധിച്ചതായി കഴിഞ്ഞ ദിവസം ഇസ്രയേല്‍ സേന അവകാശപ്പെട്ടു.