ടെല്‍ അവീവ്: ഇസ്രയേലിനെ പിന്തുണയ്ക്കാന്‍ അധികമായി യുദ്ധകപ്പലുകളും യുദ്ധ വിമാനങ്ങളും അയയ്ക്കുമെന്ന് പെന്റഗണ്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്. ഹമാസിന്റെ രാഷ്ട്രീയകാര്യ സമിതി തലവന്‍ ഇസ്മായീല്‍ ഹനിയ്യ ടെഹ്‌റാനില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രയേലിനെ ആക്രമിക്കാന്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഉത്തരവിട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് നേരത്തെ വന്നിരുന്നു. ഇതിന് പിന്നാലെയാണ് പെന്റഗണ്‍ പ്രതികരണമെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്മായീല്‍ ഹനിയ്യയുടെ കൊലപാതകത്തിന് പിന്നാലെ മേഖലയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായി നില്‍ക്കുന്നതിനിടയിലാണ് പെന്റഗണ്‍ പ്രഖ്യാപനമെത്തുന്നത്.
Read also: വിവിധ മതാചാരങ്ങള്‍ പ്രകാരം പ്രാര്‍ത്ഥനകള്‍; തിരിച്ചറിയാനാവാത്ത മൂന്ന് മൃതദേഹങ്ങള്‍ സംസ്‌കരിച്ചു
ഇസ്മായീല്‍ ഹനിയയുടെ കൊലപാതകത്തിന് പിന്നാലെ രാജ്യത്ത് മൂന്ന് ദിവസത്തെ ദേശീയ ദുഖാചരണമാണ് ഇറാനില്‍ പ്രഖ്യാപിച്ചത്. ബുധനാഴ്ചയാണ് ഹമാസ് നേതാവ് ടെഹ്‌റാനില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ഇറാന്‍ ആരോപിച്ചിരുന്നു. ഗാസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ അടക്കം നിര്‍ണായക പങ്കുവഹിച്ചിരുന്ന ഹമാസ് നേതാവായിരുന്നു 62കാരനായ ഇസ്മായീല്‍ ഹനിയ.
യുഎസ് സൈനിക സംരക്ഷണത്തിനും ഇസ്രയേല്‍ പ്രതിരോധത്തിന് ശക്തികൂട്ടാനും വിവിധ സാഹചര്യങ്ങളോട് പ്രതികരിക്കാന്‍ സജ്ജമായ രീതിയിലാണ് അമേരിക്കയുള്ളതെന്നാണ് പെന്റഗണ്‍റെ പ്രസ്താവന വിശദമാക്കുന്നത്. ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ ശേഷിയുള്ള ക്രൂയിസറുകളും ഡിസ്‌ട്രോയറുകളും ഉള്‍പ്പെടുന്നവയാണ് മേഖലയിലേക്ക് അധികമായി വിന്യസിക്കുക.