ഹമാസ് മേധാവി ഹനിയയെ ഇസ്രയേല്‍ കൊലപ്പെടുത്തിയത് ഇറാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ സ്വാധീനിച്ച്:ബോംബ് വെച്ചത് മൂന്ന് മുറികളില്‍



വാഷിങ്ടണ്‍ ഇറാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് ഹമാസ് മേധാവി ഇസ്മായില്‍ ഹനിയയെ ഇസ്രയേല്‍ കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട്. ഇസ്രയേല്‍ നിയോഗിച്ച രണ്ട് ഇറാന്‍ ഏജന്റുമാര്‍ ഇസ്മായില്‍ ഹനിയ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിലെ മൂന്നു മുറികളില്‍ ബോംബ് സ്ഥാപിച്ചതായി ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ രാജ്യാന്തര മാധ്യമങ്ങളോട് വെളിപ്പെടുത്തി.

Read Also: ഉത്തരാഖണ്ഡ്-ഹിമാചല്‍ മേഘവിസ്‌ഫോടനം മരണ സംഖ്യ ഉയരുന്നു, നിരവധി പേരെ കാണാനില്ല

ഏറെ നാളത്തെ ആസൂത്രണത്തിനൊടുവിലാണ് ഇസ്മായില്‍ ഹനിയയെ മൊസാദ് വധിക്കുന്നത്. ഇറാന്‍ പ്രസിഡന്റായിരുന്ന ഇബ്രാഹിം റഈസി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടപ്പോഴാണ് ആദ്യത്തെ ആക്രണത്തിന് ഇസ്രയേല്‍ പദ്ധതിയിട്ടത്. വലിയ ജനക്കൂട്ടമുള്ളതിനാല്‍ പദ്ധതി ഉപേക്ഷിച്ചു. വലിയ ജനക്കൂട്ടത്തിനിടയില്‍ ആക്രമണ പദ്ധതി നടപ്പിലാക്കുന്നത് ബുദ്ധിമുട്ടായതിനാലാണ് പദ്ധതി ഉപേക്ഷിച്ചതെന്ന് രണ്ട് ഉന്നത ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇതിനു പിന്നാലെ പദ്ധതി പരിഷ്‌ക്കരിച്ചു. ഇറാനില്‍ ഇസ്രയേലിന്റെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന രണ്ട് ഏജന്റുമാര്‍ ഈസ്ലാമിക് റവല്യൂഷണറി ഗാര്‍ഡുകളുടെ നിയന്ത്രണത്തിലുള്ള ഗസ്റ്റ് ഹൗസില്‍ മൂന്ന് മുറികളില്‍ ബോംബുകള്‍ സ്ഥാപിച്ചു. വിശിഷ്ട അതിഥികള്‍ താമസിക്കുന്ന സ്ഥലമായതിനാലാണ് ഈ ഗസ്റ്റ് ഹൗസ് തിരഞ്ഞെടുത്തത്. മൊസാദിന് ലെബനനിലും സിറിയയിലും ഇറാനിലും പാലസ്തീനിലും അടക്കം നിരവധി രാജ്യങ്ങളില്‍ ചാരന്‍മാരുണ്ട്. ഔദ്യോഗിക രഹസ്യങ്ങളും നേതാക്കളുടെ നീക്കങ്ങളും നിരീക്ഷിച്ച് ഇസ്രയേലിന് വിവരങ്ങള്‍ കൈമാറുന്നത് ഇവരാണ്. വിദൂര നിയന്ത്രിത ഉപകരണം ഉപയോഗിച്ചാണ് ഇസ്മയില്‍ ഹനിയയുടെ മുറിയില്‍ സ്‌ഫോടനം നടത്തിയത്. ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുത്തു മണിക്കൂറുകള്‍ക്കകമായിരുന്നു ആക്രമണം. സുരക്ഷാ വീഴ്ചയെക്കുറിച്ച് ഇറാന്‍ അന്വേഷണം ആരംഭിച്ചു.