വയനാട്ടില്‍ ജീവന്‍ നഷ്ടമായവര്‍ക്കും ദുരിതബാധിതര്‍ക്കുമായി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ


റോം: വയനാട്ടിലെ ദുരിതബാധിതര്‍ക്കായി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. മഴയിലും ഉരുള്‍പൊട്ടലിലും നിരവധി പേര്‍ മരിച്ചതും വ്യാപക നാശനഷ്ടങ്ങളുണ്ടായതും മാര്‍പ്പാപ്പ പ്രാര്‍ത്ഥനക്കിടെ അനുസ്മരിച്ചു. ജീവന്‍ നഷ്ടമായവര്‍ക്കും ദുരിതബാധിതര്‍ക്കും വേണ്ടി തന്നോടൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ പോപ്പ് ആഹ്വാനം ചെയ്തു. ഞായറാഴ്ച സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ തടിച്ചു കൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പ്പാപ്പ.

മധ്യപൂര്‍വേഷ്യയിലെ സമാധാനത്തിനായും ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രാര്‍ത്ഥിച്ചു. യുദ്ധം മനുഷ്യന്റെ പരാജയമാണ്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടത്തണമെന്നും അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും മാര്‍പ്പാപ്പ ആവശ്യപ്പെട്ടു. യുദ്ധത്തിന്റെ എല്ലാ ഇരകള്‍ക്കും വേണ്ടി പ്രത്യേകിച്ച് നിരപരാധികളായ കുട്ടികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് പോപ്പ് പറഞ്ഞു. പാലസ്തീന്‍, ഇസ്രായേല്‍, ലെബനന്‍ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കായും അദ്ദേഹം പ്രാര്‍ത്ഥിച്ചു.

അക്രമവും കൊലപാതകങ്ങളും ഒന്നിനും പരിഹാരമല്ലെന്ന് മാര്‍പ്പാപ്പ ഓര്‍മിപ്പിച്ചു. നീതിയുടെയും സമാധാനത്തിന്റെയും പാതയിലേക്ക് അക്രമം നമ്മളെ നയിക്കില്ല. മറിച്ച് കൂടുതല്‍ വെറുപ്പിനും പ്രതികാരത്തിനും ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.