ഗാസ സിറ്റി: ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 30 പേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ പലരുടെയും നില ഗുരുതരമെന്നാണ് റിപ്പോർട്ട്. പടിഞ്ഞാറൻ ഗാസയിൽ ഐക്യരാഷ്ട്ര സഭ നടത്തുന്ന സ്കൂളുകളിലാണ് ഇസ്രയേൽ ബോംബാക്രമണം നടത്തിയത്. അഭയാർത്ഥി ക്യാമ്പുകളായി പ്രവർത്തിക്കുകയായിരുന്നു ഈ സ്കൂളുകൾ.
പടിഞ്ഞാറൻ ഗാസയിലെ ഹാസൻ സലാമ, അൽ നാസർ സ്കൂളുകൾ ആക്രമണത്തിൽ പൂർണമായും തകർന്നു. ഒരു മാസത്തിനിടെ ഇസ്രയേൽ ഗാസയിൽ തകർത്തത് 11 സ്കൂളുകളാണ്. ജൂലൈ ആറ് മുതൽ ഇതുവരെ 150 ഓളം പേർ കൊല്ലപ്പെടുകയും ചെയ്തു. ഹമാസ് – ഇസ്രയേൽ ആക്രമണത്തെ തുടർന്ന് ഭവനരഹിതരാക്കപ്പെട്ട അഭയാർത്ഥികളാണ് ഇവിടെ കഴിഞ്ഞിരുന്നതെന്നാണ് പലസ്തീനിലെ സിവിൽ ഡിഫൻസ് വക്താവ് മഹമുദ് ബസൽ പ്രതികരിച്ചു. എന്നാൽ, തങ്ങൾ ഹമാസിൻ്റെ കമ്മാൻഡ് കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്നാണ് ഇസ്രയേലിൻ്റെ വാദം.