ദുബായ്: യുഎഇയിലെ ബംഗ്ലാദേശ് പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ബംഗ്ലാദേശ് എംബസി. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയുടെ പശ്ചാത്തലത്തില്‍ പ്രകോപനങ്ങള്‍ക്ക് മുതിരരുതെന്നാണ് നിര്‍ദേശം.കഴിഞ്ഞ മാസം യുഎഇയിലെ തെരുവുകളില്‍ ഇറങ്ങി പ്രതിഷേധിച്ച ബംഗ്ലാദേശ് പൗരന്‍മാര്‍ക്ക് കനത്ത ശിക്ഷ നല്‍കിയിരുന്നു.
പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയുടെ പശ്ചാത്തലത്തിലാണ് ബംഗ്ലാദേശ് എംബസിയുടെ മുന്നറിയിപ്പ്. പ്രകോപനത്തിന് മുതിരരുതെന്നും തികഞ്ഞ ആത്മസംയമനം പാലിക്കണമെന്നും യുഎഇയിലെ പൗരന്‍മാരോട് ബംഗ്ലാദേശ് എംബസി ആവശ്യപ്പെട്ടു. യുഎഇയിലെ നിയമങ്ങള്‍ അനുസരിക്കണമെന്നും അബുദാബിയിലെ എംബസിയും ദുബായ് കോണ്‍സുലേറ്റും നിര്‍ദേശിച്ചു. യുഎഇയുടെ ദേശീയ വിമാന കമ്പനിയായ എമിറേറ്റ്‌സ്, ബംഗ്ലാദേശിലേക്ക് ഇന്നലെയും ഇന്നുമുള്ള സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.
കൂട്ടംകൂടുന്നതും പ്രതിഷേധ പ്രകടനം നടത്തുന്നതും മുദ്രാവാക്യം വിളിക്കുന്നതും യുഎഇ കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്. പ്രതിഷേധങ്ങളുടെ വീഡിയോ പ്രചരിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്. കഴിഞ്ഞ മാസം സ്വന്തം രാജ്യത്ത് നടക്കുന്ന സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് യുഎഇയിലെ തെരുവുകളില്‍ ഇറങ്ങി പ്രതിഷേധിച്ച ബംഗ്ലാദേശ് പൗരന്‍മാര്‍ക്ക് യുഎഇ ഭരണകൂടം കനത്ത ശിക്ഷ നല്‍കിയിരുന്നു. മൂന്നു പേര്‍ക്ക് ജീവപര്യന്തം തടവും 53 പേര്‍ക്ക് 10 വര്‍ഷം തടവും നാടുകടത്തലും ഒരാള്‍ക്ക് 11 വര്‍ഷം തടവും നാടുകടത്തലും അബുദാബി ഫെഡറല്‍ അപ്പീല്‍ കോടതി വിധിച്ചിരുന്നു.