യുകെ കുടിയേറ്റ-മുസ്ലിം വിരുദ്ധ കലാപം: അക്രമങ്ങളെ പ്രതിരോധിക്കാന്‍ ഫാസിസ്റ്റ് വിരുദ്ധ ചേരി തെരുവില്‍


ലണ്ടന്‍: ദിവസങ്ങളായി യുകെ തെരുവുകളില്‍ തീവ്രവലതുപക്ഷം അഴിച്ചുവിടുന്ന ആക്രമണങ്ങളെ ചെറുക്കാന്‍ ഫാസിസ്റ്റ് വിരുദ്ധ ചേരി തെരുവിലിറങ്ങി. ആറായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ കൂടാതെ ആയിരക്കണക്കിന് വംശീയ വിരുദ്ധര്‍ കൂടി രംഗത്തിറങ്ങിയതോടെ അക്രമിക്കൂട്ടങ്ങള്‍ക്ക് പ്രകടനം നടത്താന്‍ പോലുമായില്ല.

കുടിയേറ്റക്കാരെ സ്വാഗതം ചെയ്തും തീവ്രവലതുപക്ഷം ആക്രമിക്കുമെന്ന് പ്രഖ്യാപിച്ച ഇടങ്ങളെ സംരക്ഷിച്ചുമായിരുന്നു വംശീയ വിരുദ്ധ മുന്നണി പ്രതിരോധം തീര്‍ത്തത്. ജൂലൈ 29ന് സൗത്ത് പോര്‍ട്ടില്‍ മൂന്ന് കുട്ടികളെ കുത്തിക്കൊന്ന സംഭവത്തിന് പിന്നാലെയായിരുന്നു കുടിയേറ്റ-മുസ്ലിം വിരുദ്ധത അഴിച്ചുവിട്ട് തീവ്രവലതുപക്ഷങ്ങള്‍ രാജ്യത്ത് അരാജകത്വം സൃഷ്ടിച്ചത്.

ബുധനാഴ്ച യുകെയിലെ നിരവധി കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി നീങ്ങിയ തീവ്രവലതുപക്ഷത്തെ നേരിടാന്‍ കനത്ത പോലീസ് സേനയെ ആയിരുന്നു ബ്രിട്ടീഷ് സര്‍ക്കാര്‍ വിന്യസിച്ചിരുന്നത്.

 

ചാറ്റിങ് ആപ്പായ ടെലിഗ്രാമിലെ തീവ്രവലതുപക്ഷ ചാറ്റിംഗ് ഗ്രൂപ്പു കളില്‍ കുടിയേറ്റവുമായി ബന്ധപ്പെട്ട നിയമസ്ഥാപനങ്ങളും അഭയാര്‍ത്ഥി കേന്ദ്രങ്ങളും തകര്‍ക്കാനുള്ള ആഹ്വാനമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ കലാപത്തെ നേരിടാനുള്ള പരിശീലനം ലഭിച്ച ഏകദേശം 6000 പോലീസ് ഉദ്യോഗസ്ഥര്‍ രംഗത്തിറങ്ങിയതോടെ ആക്രമണങ്ങള്‍ തടയാനായി.