യെല്ലോ അലര്‍ട്ടാണെങ്കിലും റെഡ് അലര്‍ട്ടിന് സമാനമായ മുന്‍കരുതലുകളും അതീവ ജാഗ്രതയും വേണം: മുഖ്യമന്ത്രി പിണറായി വിജയന്‍


തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തെക്കന്‍ ശ്രീലങ്കയ്ക്ക് മുകളില്‍ ചക്രവാതച്ചുഴിയും കേരളാതീരം വരെ ന്യൂനമര്‍ദ്ദപാത്തിയും രൂപപ്പെട്ടതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുറഞ്ഞ സമയത്ത് കൂടുതല്‍ മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ റെഡ് അലര്‍ട്ടിന് സമാനമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലയോര മേഖലകളിലും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്, അദ്ദേഹം ചൂണ്ടിക്കാട്ടി.