ഇസ്രായേലിനെതിരെ ആക്രമണം നടത്തിയാല്‍ പ്രത്യാഘാതം ഗുരുതരം: ഇറാന് മുന്നറിയിപ്പുമായി അമേരിക്ക


വാഷിംഗ്ടണ്‍: ഇസ്രായേലിനെതിരെ ആക്രമണം നടത്താനുള്ള നീക്കവുമായി മുന്നോട്ട് പോയാല്‍ ഇറാന്‍ വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി അമേരിക്ക.

ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയയെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇസ്രായേലിന് ശക്തമായി തിരിച്ചടി നല്‍കുമെന്നാണ് ഇറാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഏറ്റവും അടുത്ത ദിവസം തന്നെ ഇസ്രായേലിനെതിരെ തങ്ങളുടെ ഭാഗത്ത് നിന്നും ആക്രമണം ഉണ്ടാകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇറാന്റെ നീക്കത്തിനെതിരെ അമേരിക്ക ഉള്‍പ്പെടെ ഉള്ള രാജ്യങ്ങള്‍ പരസ്യമായി തന്നെ രംഗത്തെത്തിയിരുന്നു. മേഖലയിലെ സ്ഥിതിഗതികള്‍ വഷളാക്കുന്ന തീരുമാനമാണ് ഇറാന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും, ആക്രമണത്തിനുള്ള പദ്ധതിയില്‍ നിന്ന് പിന്മാറണമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ മധ്യസ്ഥശ്രമങ്ങള്‍ അംഗീകരിക്കില്ലെന്നും, ഇസ്രായേലിനെതിരായ നീക്കത്തില്‍ നിന്ന് പിന്മാറില്ലെന്നും ഇറാന്‍ ആവര്‍ത്തിച്ചു.