ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രസിദ്ധമായ കോണാട് പ്ലേസിലെ ഡിജിറ്റല്‍ പരസ്യ ബോര്‍ഡില്‍ അശ്ലീല ദൃശ്യം തെളിഞ്ഞതില്‍ പൊലീസ് അന്വേഷണം. സംഭവത്തില്‍ ഐടി ആക്ട് പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത വിവരം ഡല്‍ഹി പൊലീസ് സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സൈബര്‍ സുരക്ഷ ഏറെയുള്ള പരസ്യ ബോര്‍ഡ് സംവിധാനം ഹാക്ക് ചെയ്യപ്പെട്ടതാണ് എന്ന വാദമാണ് ന്യൂ ഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ ഉയര്‍ത്തുന്നത്.
കോണാട് പ്ലേസിലെ ഡിജിറ്റല്‍ പരസ്യ ബോര്‍ഡില്‍ അശ്ലീല ദൃശ്യം തെളിഞ്ഞതില്‍ ന്യൂ ഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സിലിനെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു എച്ച് ബ്ലോക്ക് ഏരിയയില്‍ സംഭവം. സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമുള്ള അശ്ലീല ദൃശ്യം പ്രദര്‍ശിപ്പിക്കപ്പെട്ടത് തെളിവ് സഹിതം ഇതുവഴി കടന്നുപോയ ഒരാള്‍ പൊലീസില്‍ അറിയിച്ചതോടെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പരസ്യങ്ങളുടെ ചുമതലയുള്ള സര്‍ക്കാര്‍ ഏജന്‍സി ഉടനടി പരസ്യ ബോര്‍ഡിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. സംഭവത്തില്‍ ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആരെങ്കിലും ഹാക്ക് ചെയ്ത് പരസ്യ ബോര്‍ഡില്‍ അശ്ലീല വീഡിയോ ചേര്‍ത്തതാണോ എന്ന് സംശയിക്കുന്നുണ്ട്.