21
July, 2025

A News 365Times Venture

21
Monday
July, 2025

A News 365Times Venture

അമ്മയിലെ പെൻഷൻ നോക്കിയിരിക്കുന്ന ഒരുപാട് താരങ്ങളുണ്ട്, ആ പാവങ്ങളുടെ കഞ്ഞികുടി മുട്ടിക്കരുത് : നടി കൃഷ്ണപ്രഭ

Date:


സിനിമയ്ക്ക് അകത്തല്ല പുറത്താണ് തനിക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ നേരിട്ടുള്ളതെന്ന് തുറന്നു പറഞ്ഞു നടി കൃഷ്ണ പ്രഭ. സിനിമ മേഖലയിൽ സ്ത്രീകൾക്ക് യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് പറഞ്ഞാൽ അത് പരിഹാസ്യമായി പോകുമെന്നും കതകിൽ മുട്ടുന്നതുപോലെയുള്ള സംഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെങ്കിലും ബേസിക് നെസിസിറ്റിയുടെ കുറവ് ചില സെറ്റുകളിൽ ഉണ്ടായിട്ടുണ്ടെന്നും നടി ഫേസ്ബുക്കിൽ കുറിച്ചു.

സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ചയാവണമെന്നാണാണ് തന്‍റെ അഭിപ്രായമെന്നും ഡബ്ല്യൂസിസിയിൽ അംഗങ്ങളെ അഭിനന്ദിക്കുന്നതായും താരം പറയുന്നു. അമ്മയിലെ ഒരു മാസത്തെ പെൻഷൻ നോക്കിയിരിക്കുന്ന ഒരുപാട് സീനിയറായിട്ടുള്ള താരങ്ങളുണ്ട്. ആ പാവങ്ങളുടെ കഞ്ഞികുടി മുട്ടിക്കരുതെന്നും ഈ ഒരു കാര്യം പറഞ്ഞതിന്റെ പേരിൽ മോശക്കാരിയായി ചിത്രീകരിക്കുമെന്നും ഞാൻ ഭയപ്പെടുന്നതായും കൃഷ്ണ പ്രഭ കുറിച്ചു.

read also: റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാര്‍ഥിനി കാറിടിച്ച്‌ മരിച്ചു

കൃഷ്ണപ്രഭ ഫേസ്ബുക്ക് പോസ്റ്റ്

നമസ്കാരം,
സിനിമ മേഖലയിലുള്ള ചർച്ചകളാണല്ലോ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത് വളരെ നല്ല കാര്യമാണ്. സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ചയാവണമെന്നാണ് എന്റെയും അഭിപ്രായം. സിനിമ മേഖലയിൽ സ്ത്രീകൾക്ക് യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് പറഞ്ഞാൽ അത് പരിഹാസ്യമായി പോകും! കതകിൽ മുട്ടുന്നതുപോലെയുള്ള സംഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെങ്കിലും ബേസിക് നെസിസിറ്റിയുടെ കുറവ് ചില സെറ്റുകളിൽ ഉണ്ടായിട്ടുണ്ട്. അതൊക്കെ കരിയറിന്റെ തുടക്കകാലത്തിൽ ആയിരുന്നു. ഇപ്പോൾ അതിൽ നല്ല മാറ്റം വന്നിട്ടുണ്ട്. എന്റെ കാര്യം മാത്രമാണ് ഞാൻ പറയുന്നത്. ഒരുപക്ഷേ മറ്റൊരു നടിക്കോ ജൂനിയർ ആർട്ടിസ്റ്റിനോ ഇതേ അഭിപ്രായം ആയിരിക്കണമെന്നില്ല. അവർക്ക് ഇപ്പോഴും സെറ്റുകളിൽ മോശം അനുഭവങ്ങളും ബേസിക് നെസിസിറ്റിയുടെ കുറവുകളും ഉണ്ടാവുന്നുണ്ടാവാം! അത്തരം കാര്യങ്ങളിൽ മാറ്റം വരണം.

ഡബ്ല്യൂസിസിയിൽ അംഗങ്ങൾ ആയവരെ ഈ അവസരത്തിൽ ഞാൻ അഭിനന്ദിക്കുന്നു. അതോടൊപ്പം എന്റെ സുഹൃത്ത് കൂടിയായ ആക്രമിക്കപ്പെട്ട നടിയുടെ ശക്തമായ പോരാട്ടത്തെയും ഒരിക്കലും മറക്കാൻ കഴിയുകയില്ല. റിപ്പോർട്ട് വന്ന ആദ്യ ദിനങ്ങളിൽ എന്നെ പോലെ സിനിമയിൽ അഭിനയിക്കുന്ന സ്ത്രീകൾ നേരിട്ടൊരു വലിയ പ്രശ്നം, സിനിമയിൽ അഭിനയിക്കുന്ന സ്ത്രീകൾ എല്ലാം കിടന്ന് കൊടുത്തിട്ടാണ് നിലനിൽക്കുന്നത് എന്നുള്ളതായിരുന്നു. അത് ഏറെ വേദനിപ്പിച്ചു. വാർത്തകൾക്ക് താഴെ വന്ന കമന്റുകൾ മിക്കതും അത്തരത്തിൽ ഉള്ളതായിരുന്നു. ഒരു ഉളുപ്പുമില്ലാതെ യാതൊരു തെളിവുമില്ലാതെ സിനിമയിലെ സ്ത്രീകളെ മുഴുവനും അടച്ചാക്ഷേപിക്കുന്ന രീതിയായിരുന്നു കണ്ടത്.
കഴിഞ്ഞ 16 വർഷത്തിൽ അധികമായി ഞാൻ സിനിമയിൽ അഭിനയിക്കുന്നു. എന്റെ അനുഭവം ആയിരിക്കില്ല മറ്റൊരു സ്ത്രീക്ക് എന്ന് ഓർമ്മപ്പെടുത്തികൊണ്ട് തന്നെ പറയട്ടെ, എനിക്ക് ഇത്തരം മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടില്ല! ആദ്യം പറഞ്ഞത് പോലെ ബേസിക് നെസിസിറ്റിയുടെ കുറവ് ഉണ്ടായിട്ടുണ്ടെന്നല്ലാതെ! അത്ര വലിയ കഥാപാത്രങ്ങൾ ഒന്നും ഞാൻ സിനിമയിൽ ചെയ്തിട്ടില്ല. പക്ഷേ സിനിമയിൽ നല്ലയൊരു കരിയർ ഉണ്ടാക്കിയ നടിമാരെ പോലും മോശമായി ചിത്രീകരിക്കുന്ന പ്രവണത ഉണ്ടാവുന്നു! അതുപോലെ അമ്മയിൽ അംഗങ്ങളായിട്ടുള്ള നടിമാരെയും നടന്മാരെയും കുറിച്ചും മോശമായ രീതിയിലാണ് ചിത്രീകരിക്കുന്നത്. അതും ഏറെ വേദനിപ്പിക്കുന്ന ഒന്നാണ്. ചിലർക്ക് അമ്മ സംഘടന മൊത്തത്തിൽ പിരിച്ചുവിടണമെന്നാണ് അഭിപ്രായം.

പറയുന്നവർക്ക് ഒറ്റ വാക്കിൽ അങ്ങ് പറഞ്ഞ് പോയാൽ മതി! അമ്മയിലെ ഒരു മാസത്തെ പെൻഷൻ നോക്കിയിരിക്കുന്ന ഒരുപാട് സീനിയറായിട്ടുള്ള താരങ്ങളുണ്ട്. ആ പാവങ്ങളുടെ കഞ്ഞികുടി മുട്ടിക്കരുത്! ഈ ഒരു കാര്യം പറഞ്ഞതിന്റെ പേരിൽ എന്നെ മോശക്കാരിയായി ചിത്രീകരിക്കുമെന്നും ഞാൻ ഭയപ്പെടുന്നു. ഒരുപാട് ആരോപണങ്ങളും ഇപ്പോൾ വരുന്നുണ്ട്. ആരോപണങ്ങളിൽ സത്യമായിട്ടുള്ളതെല്ലാം ശിക്ഷ കൊടുക്കണമെന്നാണ് എന്റെ അഭിപ്രായം. അതുപോലെ വ്യാജമായ ആരോപണങ്ങളുണ്ടെങ്കിൽ അതിലും നടപടികളുണ്ടാകണം. ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ!!! അതല്ലേ അതിന്റെ ന്യായം!
മാധ്യമങ്ങൾ ഈ വിഷയത്തിൽ കുറച്ചുകൂടി ശ്രദ്ധപാലിക്കണമെന്ന് ഒരു അഭിപ്രായവും എനിക്കുണ്ട്. ടിആർപിക്ക് വേണ്ടി ചർച്ചകൾ വഴിതിരിച്ചുവിടരുത്! വാർത്തകളിൽ സത്യമേതാണ് കള്ളം ഏതാണെന്ന് വ്യക്തത വരുത്തിയിട്ട് മാത്രം കൊടുക്കണം! ഒരാൾ ഈ വിഷയത്തിൽ ഒരു അഭിപ്രായം പറഞ്ഞാൽ, ആ പറഞ്ഞത് കൃത്യമായി കൊടുക്കണം അല്ലാതെ നിങ്ങൾക്ക് ആവശ്യമുള്ളത് മാത്രമായി കൊടുക്കരുത്.

എനിക്ക് സിനിമയ്ക്ക് ഉള്ളിൽ അല്ല പുറത്താണ് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായതെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഈ കഴിഞ്ഞ ദിവസം തന്നെ ഒരു യൂട്യൂബ് മഞ്ഞ ചാനൽ(വേറെ വാക്കാണ് അവരെ വിളിക്കേണ്ടത്) എന്റെ ഡാൻസ് വീഡിയോസും ഫോട്ടോസും കോർത്തിണക്കി ഒരു വീഡിയോ ഷെയർ ചെയ്തു. കേട്ടാൽ അറക്കുന്ന രീതിയിലുള്ള മോശം വാക്കുകളാണ് ആ വീഡിയോയിൽ എന്നെ കുറിച്ച് പറയുന്നത്. എന്റെ ശരീരഭാഗങ്ങളെ കുറിച്ചുള്ള വൃത്തികെട്ട രീതിയില്ല പരാമർശങ്ങളാണ് വീഡിയോയിലുള്ളത്. ഇത്തരം വീഡിയോ കാണാൻ ആളുകളുമുണ്ട് എന്നതാണ് എന്നെ അതിശയിപ്പിച്ചത്.
മലയാളികളുടെ ലൈംഗിക ദാരിദ്ര്യം ആ വീഡിയോയുടെ അടിയിൽ കാണാൻ സാധിക്കും. ആ ചാനലിന് എതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഞാൻ! ഒരു സ്ത്രീ എന്ന നിലയിൽ സിനിമയ്ക്ക് അകത്തല്ല പുറത്താണ് ഞാൻ കൂടുതൽ ബുദ്ധിമുട്ടുകൾ നേരിട്ടുള്ളത്. ഞാൻ ഒരിക്കൽ കൂടി പറയുന്നു, ഇത് എന്റെ കാര്യം മാത്രമാണ്. മറ്റൊരു സ്ത്രീക്ക് സിനിമയിൽ പക്ഷേ ഇതേ അനുഭവം ആയിരിക്കില്ല. സിനിമയെ ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും സന്തോഷത്തോടെയും സമാധാനത്തോടെയും ജോലി ചെയ്യാൻ സാധിക്കുന്ന ഒരു സാഹചര്യം ഉണ്ടാവട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു.. അങ്ങനെ നല്ല മാറ്റങ്ങളുണ്ടാവട്ടെ 🙏

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related