അമ്പാടിക്കണ്ണന്റെ പിറന്നാളായ ജന്മാഷ്ടമി, ആഗ്രഹസാഫല്യത്തിന് ചില മന്ത്രങ്ങള്‍: ഈ മന്ത്രങ്ങള്‍ ജപിച്ചാൽ നാലിരട്ടി ഫലം



ചിങ്ങമാസത്തില്‍ അഷ്ടമിയും രോഹിണിയും ചേര്‍ന്നു വരുന്ന ദിനത്തിലായിരുന്നു ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജനനം. ഭക്തര്‍ അമ്പാടിക്കണ്ണന്റെ പിറന്നാള്‍ ശ്രീകൃഷ്ണ,
കൃഷ്ണാഷ്ടമി,ജന്മാഷ്ടമി, അഷ്ടമി രോഹിണി എന്നീ വിവിധ പേരുകളില്‍ ആഘോഷിക്കുന്നു.

ജന്മാഷ്ടമി ദിനത്തില്‍ ഭക്തിയോടെ ഭഗവല്‍ മന്ത്രങ്ങള്‍ ജപിക്കുന്നത് സാധാരണ ദിനത്തില്‍ ജപിക്കുന്നതിനേക്കാള്‍ നാലിരട്ടി ഫലം നല്‍കും. അന്നേ ദിവസം ഭഗവല്‍ നാമങ്ങള്‍ കഴിയാവുന്നത്രയും തവണ ചൊല്ലുന്നത് അത്യുത്തമം. ദീര്‍ഘ നാളുകളായി സന്താന ഭാഗ്യമില്ലാത്തവര്‍ ജന്മാഷ്ടമിയുടെ അന്ന് സന്താനഗോപാല മന്ത്രം 41 തവണ ജപിച്ചാല്‍ ഇഷ്ട സന്താനപ്രാപ്തി ഉണ്ടാവുമെന്നാണ് വിശ്വാസം.

സന്താനഗോപാല മന്ത്രം

ദേവകീസുത ഗോവിന്ദ വാസുദേവ ജഗത്പതേ

ദേഹിമേ തനയം കൃഷ്ണ ത്വാമഹം ശരണം ഗത:

കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിക്കൊണ്ട് വിദ്യാഗോപാലമന്ത്ര അര്‍ച്ചന നടത്താറുണ്ട്. അതില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത കുട്ടികള്‍ ഭവനത്തിലിരുന്ന് ശുദ്ധിയോടെയും ഭക്തിയോടെയും വിദ്യാഗോപാലമന്ത്രം 41 തവണ ജപിക്കാവുന്നതാണ് . കുട്ടികളുടെ ഓര്‍മശക്തിയും ഏകാഗ്രതയും സ്വഭാവ ശുദ്ധി വര്‍ദ്ധിപ്പിക്കാനും ഈ മന്ത്രജപത്തിലൂടെ സാധ്യമാകും.

വിദ്യാഗോപാല മന്ത്രം

കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ സര്‍വജ്ഞ്ത്വം പ്രസീദമേ
രമാ രമണ വിശ്വേശ വിദ്യാമാശു പ്രായച്ഛമേ

ദശകാല ദോഷങ്ങള്‍ അനുഭവിക്കുന്നവരും ജാതകപ്രകാരം ആയുസ്സിനു ദോഷമുളളവരും ജന്മാഷ്ടമി ദിനത്തില്‍ ആയൂര്‍ ഗോപാലമന്ത്രം ജപിക്കുന്നത് വളരെ നല്ലതാണ്.
ആയൂര്‍ ഗോപാലമന്ത്രം

ദേവകീസുത ഗോവിന്ദ വാസുദേവ ജഗല്‍പതേ
ദേഹിമേ ശരണം കൃഷ്ണ ത്വാമഹം ശരണം ഗത

രാജഗോപാല മന്ത്രം

സമ്പല്‍സമൃദ്ധിയും ഐശ്വര്യവും ഉണ്ടാവുന്നതിന് ഭഗവാനെ ധ്യാനിച്ചു കൊണ്ട് രാജഗോപാല മന്ത്രം ജപിക്കണം. അര്‍ത്ഥം മനഃസ്സിലാക്കി വേണം ഓരോ മന്ത്രങ്ങളും ജപിക്കുവാന്‍.

രാജഗോപാല മന്ത്രം കൃഷ്ണ കൃഷ്ണ മഹായോഗിന്‍! ഭക്താ നാമ ഭയംകര
ഗോവിന്ദ പരമാനന്ദ സര്‍വ്വം മേ വശമാനായ.

ഭഗവാന്റെ മൂലമന്ത്രങ്ങളായ അഷ്ടാക്ഷരമന്ത്രവും (ഓം നമോ നാരായണായ) ദ്വാദശാക്ഷരമന്ത്രവും (ഓം നമോ ഭഗവതേ വാസുദേവായ) എന്നിവ ജപിച്ചു കൊണ്ട് ജന്മാഷ്ടമി ദിനത്തില്‍ രാവിലെയും വൈകുന്നേരവും ക്ഷേത്ര ദര്‍ശനം നടത്തുന്നത് കൃഷ്ണപ്രീതിക്ക് ഉത്തമമാണ്.