‘ഒച്ചയിടരുത്, ഞാൻ നിന്റെ തന്തയല്ല, ഇറങ്ങിപ്പോകണം’: ചാനല്‍ ചർച്ചക്കിടെ അവതാരകരുടെ ഏറ്റുമുട്ടൽ


ന്യൂഡല്‍ഹി: ന്യൂസ് ചാനലില്‍ തത്സമയ വാർത്താ പരിപാടിക്കിടെ പാനലിസ്റ്റുകളുടെ ഏറ്റുമുട്ടൽ. ടൈംസ് നൗ നവഭാരത് എന്ന ചാനലിലാണ് സംഭവം. ചർച്ചക്കിടെ മാധ്യമ പ്രവർത്തകനായ അശുതോഷും വലതുപക്ഷ നിരീക്ഷകനായ ആനന്ദ് രംഗനാഥനുമാണ് ഏറ്റുമുട്ടിയത്. മുതിർന്ന മാധ്യമ പ്രവർത്തക നവിക കുമാറായിരുന്നു വാർത്താ അവതാരക. രാഷ്ട്രീയ നിരീക്ഷകനും കോളമിസ്റ്റുമായ തെഹ്സീൻ പൂനെവാലയും പാനലിലുണ്ടായിരുന്നു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീം കോടതിയില്‍നിന്ന് ജാമ്യം അനുവദിച്ച വിഷയത്തിലായിരുന്നു ചർച്ച. ചർച്ചക്കിടെ പലതവണ ആനന്ദ് രംഗനാഥൻ വ്യക്തിപരമായി അശുതോഷിനെ വിമർശിച്ച്‌ സംസാരിച്ചതോടെയാണ് രംഗം വഷളായത്.

read also: മുഹമ്മദ് ആട്ടൂര്‍ തിരോധാനകേസില്‍ ഗുരുതര വീഴ്ച, ഡിജിപിക്ക് അതൃപ്തി

‘അയാള്‍ നിരന്തരം എന്നെ മോശമായി പരാമർശിക്കുന്നു. അത്തരം കമന്റുകള്‍ നിർത്താൻ അയാളോട് പറയണം’ എന്ന് നവിക കുമാറിനോട് ഒരുതവണ അശുതോഷ് ക്ഷുഭിതനായി ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ടും ആനന്ദ് രംഗനാഥൻ അധിക്ഷേപം തുടർന്നതോടെ അശുതോഷിന് നിയന്ത്രണം വിട്ടു. ആനന്ദ് രംഗനാഥൻ ‘ഒച്ചയിടരുത്, ഞാൻ നിന്റെ തന്തയല്ല, ഇറങ്ങിപ്പോകണം’ എന്ന് പറഞ്ഞതോടെ ചർച്ച വഷളാവുകയും അധികൃതർ ഏറെ പണിപ്പെട്ടാണ് ഇരുവരെയും നിയന്ത്രിച്ചത്.