വരുന്ന 25 വർഷത്തിനുള്ളിൽ ഇന്ത്യക്കാർ ഉൾപ്പെടെ 40 ദശലക്ഷം ആളുകൾ മരണപ്പെടും! വില്ലൻ സൂപ്പർബഗ്ഗുകൾ


അമിതമായും അനാവശ്യമായും ആന്റിബയോട്ടിക്കുകൾ കഴിക്കുന്നവരെ കാത്തിരിക്കുന്നത് വൻ അപകടമെന്ന് പഠന റിപ്പോർട്ട്. ആന്റിബയോട്ടിക് മരുന്നുകളെ പ്രതിരോധിക്കുന്ന സൂപ്പർബഗ്ഗുകൾ മരണകാരണമായേക്കുമെന്നാണ് ഒരു സംഘം ​ഗവേഷകർ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നത്.204 രാജ്യങ്ങളിൽ നിന്നും 520 ദശലക്ഷം ജനങ്ങളുടെ രേഖകൾ പരിശോധിച്ച ശേഷമാണ് ഇവർ റിപ്പോർട്ട് തയ്യാറാക്കിയത്.

1990 മുതൽ 2021 വരെയുള്ള മരണസംഖ്യകളും കണക്കിലെടുത്താണ് 2050നുള്ളിൽ സൂപ്പർബഗ്ഗുകൾ കാരണം എത്രപേർ മരണപ്പെടും എന്ന കണക്കുകൾ അവർ പ്രവചിച്ചത്. 22 രോഗാണുക്കൾ, 84 തരം മരുന്നുകൾ, മെനിഞ്ചൈറ്റിസ് പോലുള്ള 11 തരം പകരുന്ന രോഗങ്ങൾ എന്നിവയും പരിശോധിച്ചു.വരുന്ന 25 വർഷം സൂപ്പർബഗ്ഗുകൾ കാരണമുണ്ടാകുന്ന മരണനിരക്ക് കുത്തനെ ഉയരുമെന്നാണ് പഠനറിപ്പോർട്ട് വ്യക്തമാക്കുന്നത്. സബ്-സഹാറൻ ആഫ്രിക്ക, ഏഷ്യയുടെ തെക്കും കിഴക്കും, ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാൻ എന്നിവ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിലുള്ള ജനങ്ങളെയാവും സൂപ്പർബഗ്ഗുകൾ ബാധിക്കുക.

അതേസമയം, രോഗങ്ങൾ വരുമ്പോൾ ശരിയായി ചികിത്സ തേടിയാൽ 2050ഓടെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമെന്നും ​ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.ആന്റിബയോട്ടിക്കുകൾ നിരന്തരം എത്തുമ്പോൾ അതിനെ നമ്മുടെ ശരീരം തന്നെ ചെറുക്കുകയും എത്ര വലിയ അളവിൽ ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചാലും രോ​ഗം മാറാത്ത അവസ്ഥയുണ്ടാകുകയും ചെയ്യുന്നു. ആന്റിബയോട്ടിക് മരുന്നുകളെ പ്രതിരോധിക്കുന്ന സൂപ്പർബഗ്ഗുകളാണ് ഇതിന് കാരണമെന്നാണ് ​ഗവേഷകർ പറയുന്നത്.

ബാക്ടീരിയകൾ, വൈറസുകൾ, ഫംഗസുകൾ തുടങ്ങി എന്തും സൂപ്പർബഗ്ഗുകൾ ആകാമെന്നും ഗ്ലോബൽ റിസർച്ച് ഓൺ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (GRAM) പ്രോജക്‌ടിന്റെ പുതിയ പഠന റിപ്പോർട്ടിൽ പറയുന്നു. വരുന്ന 25 വർഷത്തിനുള്ളിൽ ഏകദേശം 40 ദശലക്ഷം ആളുകൾ സൂപ്പർബ​ഗുകൾ കാരണം മരിക്കാമെന്നാണ് ലാൻസെറ്റ് എന്ന ആഴ്‌ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

പ്രതിരോധ കുത്തിവയ്പ്പിന്റെയും ശുചിത്വത്തിന്റെയും പുരോഗതി കാരണം വളരെ ചെറിയ കുട്ടികളിൽ മരണനിരക്ക് കുറഞ്ഞുവരികയാണ്. എന്നാൽ, മുതിർന്നവരിൽ ഇത് വിപരീതമാണെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. പുതിയ കണ്ടെത്തലിന് പിന്നാലെ സൂപ്പ‌ർബഗുകളുടെ ആഘാതം കുറച്ച് മരണത്തിൽ നിന്നും രോഗിയെ രക്ഷപ്പെടുത്താൻ എന്തെല്ലാം ചെയ്യാം എന്ന ഗവേഷണം ആരംഭിച്ചിട്ടുണ്ട്.1990നും 2021നും മദ്ധ്യേ ദശലക്ഷക്കണക്കിന് ജനങ്ങളാണ് സൂപ്പർബഗ്ഗുകൾ കാരണം മരണപ്പെട്ടത്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ സൂപ്പർബഗ്ഗുകൾ കാരണമുണ്ടാകുന്ന മരണനിരക്ക് 50 ശതമാനത്തിലധികം കുറഞ്ഞിട്ടുണ്ട്. ശിശുക്കളിൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുള്ള കുത്തിവയ്‌‌പ്പുകൾ ഫലം കണ്ടുതുടങ്ങിയതായാണ് പഠനത്തിൽ പറയുന്നത്. എന്നിരുന്നാലും കുട്ടികളുടെ ശരീരത്തിൽ സൂപ്പർബഗ്ഗുകൾ എത്തിക്കഴിഞ്ഞാൽ, പിന്നീടുണ്ടാകുന്ന രോഗങ്ങൾ ചികിത്സിച്ച് ഭേദമാക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്.

70 വയസ് കഴിഞ്ഞവരിൽ സൂപ്പർബഗ്ഗുകൾ കാരണമുണ്ടാകുന്ന മരണം 80 ശതമാനത്തിലധികം വർദ്ധിച്ചു. 2019നെ അപേക്ഷിച്ച് 2021ൽ മരണനിരക്ക് കുറവാണ്. കൊവിഡ് കാലത്തുണ്ടായ നിയന്ത്രണങ്ങളും നടപടികളും കാരണമുണ്ടായ താൽക്കാലിക മാറ്റമാണിതെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നുണ്ട്.