ലെബനൻ പേജർ സ്ഫോടനം: പേജറുകൾ വിറ്റ വയനാട് സ്വദേശിയായ മലയാളിയുടെ കമ്പനിയെക്കുറിച്ച് ബള്‍ഗേറിയ അന്വേഷണം ആരംഭിച്ചു
ലെബനനില്‍ കഴിഞ്ഞ ദിവസം പേജറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മലയാളിയുടെ ഉടമസ്ഥതയിലുള്ള പ്രാദേശിക കമ്പനിക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച് ബള്‍ഗേറിയ. നോർവീജിയൻ പൗരത്വമുള്ള വയനാട് മാനന്തവാടി സ്വദേശിയായ റിന്‍സണ്‍ ജോസിന്റെ കമ്പനിയാണ് നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡ്. ഡിജിറ്റല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് റിന്‍സണ്‍ എന്ന് ലിങ്ക്ഡിന്‍ അക്കൗണ്ടില്‍ വ്യക്തമാക്കുന്നു.
ഓട്ടോമേഷന്‍, മാര്‍ക്കറ്റിംഗ്, എഐ തുടങ്ങിയവയിലും താത്പര്യമുണ്ടെന്ന് ഇയാളുടെ ലിങ്ക്ഡിന്‍ അക്കൗണ്ടിൽ പറയുന്നു. ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് ആണ് പേജറുകളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചതെന്ന് സംശയിക്കുന്നത്. സോഫിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡാണ് പേജറുകള്‍ ഹിസ്ബുള്ളയ്ക്ക് കൈമാറിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.
ഹംഗറി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷെല്‍ കമ്പനിയായ ബിഎസി കണ്‍സള്‍ട്ടിംഗ് ഇടനിലക്കാരായി പ്രവര്‍ത്തിച്ചാണ് പേജറുകള്‍ ഹിസ്ബുള്ളയ്ക്ക് കൈമാറുന്നത്.റിന്‍സണ്‍ ജോസിന്റെ ഉടമസ്ഥതയിലുള്ള നോര്‍ട്ട ഗ്ലോബല്‍ 2022 ഏപ്രിലിലാണ് സ്ഥാപിതമായത്. ബള്‍ഗേറിയന്‍ തലസ്ഥാനമായ സോഫിയ ആസ്ഥാനമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
ലെബനനിലുണ്ടായ സ്‌ഫോടനത്തില്‍ ബള്‍ഗേറിയയില്‍ രജിസ്റ്റര്‍ ചെയ്ത പേരിടാത്ത കമ്പനിയുടെ പങ്ക് അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രാലയവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബള്‍ഗേറിയന്‍ സ്റ്റേറ്റ് സെക്യൂരിറ്റി ഏജന്‍സിയായ ഡിഎഎന്‍എസ് വ്യാഴാഴ്ച റിപ്പോര്‍ട്ടു ചെയ്തു. ‘‘ബിഎസി കണ്‍സള്‍ട്ടിംഗ് എന്ന സ്ഥാപനം പേജറുകള്‍ കൈമാറുന്നതിന് ഇടനിലക്കാരനായാണ് ഇടപാടില്‍ ഏര്‍പ്പെട്ടത്. ഈ കമ്പനിയ്ക്ക് ഓഫീസില്ല,’’ ഹംഗേറിയന്‍ വാര്‍ത്താ ഏജന്‍സിയായ ടെലക്‌സ് റിപ്പോര്‍ട്ടു ചെയ്തു.
തായ്‌വാനീസ് കമ്പനിയായ ഗോള്‍ഡ് അപ്പോളോയ്ക്ക് വേണ്ടി ആയിരക്കണക്കിന് പേജറുകള്‍ നിര്‍മിക്കാന്‍ ബിഎസി കണ്‍സള്‍ട്ടിംഗ് മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഈ വര്‍ഷമാദ്യമാണ് ഹിസ്ബുള്ളയ്ക്കുവേണ്ടി ഈ പേജറുകള്‍ നിര്‍മിച്ചത്. പേജറുകള്‍ നിര്‍മിച്ച ആളുകളുടെ യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുവയ്ക്കാന്‍ കുറഞ്ഞത് രണ്ട് ഷെല്‍ കമ്പനികളെങ്കിലും സൃഷ്ടിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.