ടെഹ്‌റാന്‍: ഇസ്രയേലിനെതിരെ മിസൈലാക്രമണം നടത്തിയതിന് പിന്നാലെ ഇറാന്റെ ഖുദ്‌സ് സേന തലവനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്.
ഇറാന് പുറത്തുള്ള സൈനിക നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഖുദ്‌സ് സേന തലവന്‍ ബ്രിഗേഡിയര്‍ ജനറല്‍ ഇസ്മായില്‍ ഖാനി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൊതുവേദികളില്‍ എത്താത്തത് ഇറാനില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചിരിക്കുന്നത്. ഇസ്മായില്‍ ഖാനി കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിരിക്കാമെന്ന അഭ്യൂഹം ശക്തമാണ്.
ഇറാഖിലെയും സിറിയയിലെയും സായുധ സംഘങ്ങള്‍ക്കും ലബനനിലെ ഹിസ്ബുല്ലയ്ക്കും യെമനിലെ ഹൂതികള്‍ക്കും ഗാസയിലെ ഹമാസിനും പരീശീലനവും ആയുധവും നല്‍കുന്നത് ഖുദ്‌സ് സേനയാണ്. ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ലയെ വധിച്ച് രണ്ടു ദിവസത്തിനുശേഷം ടെഹ്‌റാനിലെ ഹിസ്ബുല്ലയുടെ ഓഫിസിലാണ് ജനറല്‍ ഖാനി അവസാനം എത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഹിസ്ബുല്ലയുടെ സീനിയര്‍ നേതാക്കളെ കാണാന്‍ ജനറല്‍ ഖാനി ബെയ്‌റൂട്ടിലേക്ക് പോയിരുന്നതായി ഇറാനിയന്‍ അധികൃതര്‍ രാജ്യാന്തര മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇതാണ് ഖാനി കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തിരിക്കാമെന്ന അഭ്യൂഹങ്ങള്‍ക്കിടയാക്കിയത്.
ഇറാനിലെ ശക്തനായ സൈനിക മേധാവിയാണ് ജനറല്‍ ഇസ്മായില്‍ ഖാനി. 2020 ജനുവരി മൂന്നിനു ഇറാന്റെ ഉന്നത സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനി ബഗ്ദാദില്‍ യുഎസ് ഡ്രോണാക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഖാനി പിന്‍ഗാമിയായി ചുമതലയേറ്റത്.