ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തിന് ഒരു വയസ്, ഇസ്രയേലിനെ ഭയന്ന് എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി ഇറാന്‍


ടെഹ്‌റാന്‍: രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും ഇറാന്‍ റദ്ദാക്കി.തീരുമാനത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തിയിട്ടില്ല. അതേസമയം പ്രവര്‍ത്തന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു എന്നാണ് ഔദ്യോഗിക വക്താവ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്.

ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തിന് ഒരു വര്‍ഷം തികയുന്ന ഒക്ടോബര്‍ 7ന് പശ്ചിമേഷ്യയില്‍ രൂക്ഷമായ ആക്രമണം ഉണ്ടാകുമെന്ന ഭീതി ശക്തമാണ്. കഴിഞ്ഞ ചൊവ്വാഴ്ച 200 മിസൈലുകള്‍ തൊടുത്തുവിട്ട് ഇസ്രയേലിനെ ഇറാന്‍ ആക്രമിച്ചിരുന്നു. തിരിച്ചടിക്കുമെന്ന് പറഞ്ഞ ഇസ്രയേല്‍ ഇതുവരെ എപ്പോള്‍ എങ്ങനെ ആക്രമിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.

ചൊവ്വാഴ്ച മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇറാനിലെ വ്യോമപാത രണ്ട് ദിവസത്തേക്ക് അടച്ചിരുന്നു. പിന്നീട് വ്യാഴാഴ്ചയാണ് വ്യോമഗതാഗതം പുനരാരംഭിച്ചത്. സുരക്ഷാ മുന്‍കരുതലെന്നോണം സ്വീകരിച്ച നടപടിയെന്നാണ് ഇതേക്കുറിച്ച് ഇറാന്‍ വിശദീകരിച്ചത്.

അതേസമയം ഇറാനിയന്‍ വ്യോമപാത ഒക്ടോബര്‍ 31 വരെ ഒഴിവാക്കാനാണ് യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അതേസമയം ഇസ്രയേല്‍ ഇറാനിലെ എണ്ണപ്പാടങ്ങള്‍ ആക്രമിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇറാനിലെ റവല്യൂഷണറി ഗാര്‍ഡിന്റെ നേതൃത്വത്തില്‍ ഖര്‍ഗ് ഐലന്റടക്കം ഓയില്‍ ടെര്‍മിനലുകളുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.