ഇന്ത്യയില്‍ നിന്ന് ചൈനയിലേക്ക് കടത്തിയത് അരലക്ഷം കോടി രൂപ; നിരവധി കമ്പനികള്‍ക്കെതിരെ ഇഡി അന്വേഷണം


ന്യൂഡല്‍ഹി : അരലക്ഷം കോടി രൂപ ചൈനയിലേക്ക് ഹവാല പണമായി ഇന്ത്യയില്‍ നിന്ന് പോയെന്ന കണ്ടെത്തലിന് പിന്നാലെ ഇഡി അന്വേഷണം തുടങ്ങി. ചൈനയില്‍ നിന്ന് സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്ന കമ്പനികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. നിരവധി കമ്പനികള്‍ നിയമം ലംഘിച്ചതായി സംശയമുണ്ട്. ഇതില്‍ ലക്ഷ്വറി ഉല്‍പ്പന്നങ്ങള്‍, ഫര്‍ണിച്ചര്‍, ഗാഡ്‌ജെറ്റ്‌സ് എന്നിവ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത കമ്പനികളുണ്ടെന്നാണ് വിവരം.

ഈ പ്രവര്‍ത്തനത്തിലൂടെ കമ്പനികള്‍ നികുതി വെട്ടിച്ചുവെന്നാണ് കണ്ടെത്തല്‍. ഇറക്കുമതി ചെയ്ത സാധനത്തിന്റെ കൃത്യമായ എണ്ണം കാണിക്കാതെ, ഇത് കുറച്ച് കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. കണക്കില്‍പെടാത്ത ഇറക്കുമതി ചെയ്ത ഉല്‍പ്പന്നങ്ങളുടെ തുക പണമായി ചൈനീസ് കമ്പനികള്‍ക്ക് നല്‍കി. ഹവാല ശൃംഖല വഴിയായിരുന്നു പണം കൈമാറിയത് എന്നാണ് സംശയം. ഇഡിയുടെ അന്വേഷണത്തില്‍ കേന്ദ്ര ധന-ആഭ്യന്തര-വിദേശകാര്യ മന്ത്രാലയങ്ങളും സഹകരിക്കുന്നുണ്ട്.