ഇറാന്റെ പരമോന്നത നേതാവ് ഖമേനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ട്: പിന്‍ഗാമിയായി മൊജ്താബ ഖമേനിയെന്ന് സൂചന
ടെഹ്റാന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. പശ്ചിമേഷ്യയെ സംഘര്‍ഷത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഇസ്രായേല്‍-ഇറാന്‍ ഭിന്നതകള്‍ക്ക് ഇടയിലാണ് ഖമേനിയുടെ ആരോഗ്യനിലയെ കുറിച്ചുള്ള ആശങ്കാജനകമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ഇതിന് പിന്നാലെ ആരാവും ഖമേനിയുടെ പിന്‍ഗാമി എന്നതിനെ ചൊല്ലിയുള്ള ചര്‍ച്ചകളും സജീവമാണ്.
പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ഖമേനിയുടെ രണ്ടാമത്തെ മകനായ മൊജ്താബ ഖമേനി അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വരുമെന്നാണ് കരുതപ്പെടുന്നത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 55കാരനായ മൊജ്താബ ഇറാന്റെ പരമോന്നത നേതാവായി എത്താനാണ് സാധ്യതയെന്നാണ് ഭൂരിഭാഗം റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.
ഏറെനാളായി ഖമിനേയിയുടെ ആരോഗ്യനിലയെ ചൊല്ലി അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. 85കാരനായ ഖമേനി കഴിഞ്ഞ മൂന്നര പതിറ്റാണ്ട് കാലമായി ഇറാന്റെ പരമോന്നത നേതാവെന്ന പദവി വഹിച്ചു വരികയാണ്. 1989ല്‍ റഹോള്ള ഖമേനിയുടെ മരണത്തിന് ശേഷമാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്.
നേരത്തെ പ്രസിഡന്റ് ഇബ്രാഹിം റൈസി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഒട്ടേറെ ആശങ്കകള്‍ ഉയര്‍ന്നിരുന്നു. പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിന് ചൊല്ലിയുള്ള വിഷയങ്ങള്‍ ഭിന്നതയിലേക്ക് നയിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്ന കാര്യം. പ്രത്യേകിച്ച് ഇസ്രായേല്‍ ഇറാനെതിരെ നിലപാട് കടുപ്പിക്കുമ്പോള്‍ ആഭ്യന്തര പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന തിരിച്ചടി ചെറുതാവില്ലെന്നാണ് വിലയിരുത്തല്‍.