വാഷിങ്ടൺ : റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും നിയുക്ത യുഎസ് പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസ്. ട്രംപിൻ്റെ വിജയത്തിനു ശേഷമായിരുന്നു കമല തൻ്റെ ആശംസ അറിയിക്കാൻ ട്രംപിനെ ഫോണിൽ വിളിച്ചത്.
അതേ സമയം അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അംഗീകരിച്ച് സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പാക്കുമെന്ന് കമല അണികളോട് പറഞ്ഞു. ഇരുണ്ട കാലത്തിലേക്കാണ് പ്രവേശിക്കുന്നതെന്ന് പലരും കരുതുന്നു. അങ്ങനെയാവില്ലെന്ന് പ്രതീക്ഷിക്കാം. തെരഞ്ഞെടുപ്പ് ഫലം എന്തായാലും അത് അഗീകരിക്കുക എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണെന്ന് കമല പറഞ്ഞു.
കൂടാതെ സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്ന് കമലാ ഹാരിസ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പരാജയത്തില്‍ ദുഃഖിക്കാതെ രാജ്യത്തിനായുള്ള പോരാട്ടം തുടരാന്‍ കമല അണികളോട് ആഹ്വാനം ചെയ്തു.
താന്‍ നടത്തിയ പോരാട്ടത്തിലും നടത്തിയ രീതിയിലും ഏറെ അഭിമാനമുണ്ടെന്നും കമല കൂട്ടിച്ചേര്‍ത്തു. വിവിധ സമൂഹങ്ങളെയും കൂട്ടുകെട്ടുകളെയും ഒന്നിപ്പിക്കുന്നതായിരുന്നു തന്റെ പ്രചാരണം. രാജ്യത്തോടുള്ള സ്‌നേഹവും അമേരിക്കയുടെ ശോഭനമായ ഭാവിയുമാണ് തന്നെയും ഒപ്പമുള്ളവരെയും ഒന്നിച്ച് ചേര്‍ത്തതെന്നും കമല പറഞ്ഞു.