തൃശൂർ : കൊടകര കുഴൽപ്പണക്കേസിലെ തുടരന്വേഷണത്തിൽ ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസ് മുൻ സെക്രട്ടറി തിരൂർ സതീഷിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. 11മണിക്ക് തൃശൂർ പോലീസ് ക്ലബ്ബിൽ വെച്ചായിരിക്കും സതീഷിന്റെ മൊഴി രേഖപ്പെടുത്തുക.
നിലവിലെ കൊടുങ്ങല്ലൂർ എസിപി വി കെ രാജുവിന്റെ നേതൃത്വത്തിലായിരിക്കും മൊഴിയെടുക്കൽ നടക്കുക. ഉന്നയിച്ച ആരോപണങ്ങൾ സംബന്ധിച്ച തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറുമെന്ന് തിരൂർ സതീഷ് വ്യക്തമാക്കിയിരുന്നു. തിരൂർ സതീഷിന്റെ മൊഴിയെടുക്കലിന്റെ അടിസ്ഥാനത്തിലായിരിക്കും ബിജെപി നേതാക്കളുടെ മൊഴിയെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസമാണ് തുടരന്വേഷണത്തിന് അനുമതി നൽകിയത്. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്നാണ് നിർദേശം. ഒമ്പത് കോടി രൂപ ചാക്കുകളിലാക്കി തൃശൂർ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ ധർമ്മരാജൻ എത്തിച്ചു എന്നതായിരുന്നു സതീഷിന്റെ വെളിപ്പെടുത്തൽ. കുഴൽപ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ആണെന്നും വെളിപ്പെടുത്തിയിരുന്നു.
താൻ ഇതിന് സാക്ഷിയാണെന്നും ചാക്കുകെട്ടുകളിലാണ് പണം കൊണ്ടുവന്നതെന്നും സതീഷ് വെളിപ്പെടുത്തിയിരുന്നു. കൊടകര കുഴൽപ്പണക്കേസ് നടക്കുന്ന 2021-ൽ ബിജെപിയുടെ തൃശ്ശൂർ ഓഫീസിൽ സെക്രട്ടറിയായിരുന്നു സതീഷ്.