റെഡ് സീ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങാനൊരുങ്ങി പ്രിയങ്കയും നിക്ക് ജോനാസും : താരദമ്പതികൾ സംഭാഷണ പരിപാടിയിൽ പങ്കെടുക്കും


ന്യൂഡൽഹി: സൗദി അറേബ്യയിലെ ജിദ്ദ നഗരത്തിൽ അടുത്ത വ്യാഴാഴ്ച ആരംഭിക്കുന്ന റെഡ് സീ ഫിലിം ഫെസ്റ്റിവലിൽ താര ദമ്പതികളായ പ്രിയങ്ക ചോപ്ര ജോനാസും നിക്ക് ജോനാസും പങ്കെടുക്കും. ഡിസംബർ 11 ന് നടക്കുന്ന പരിപാടിയുടെ ‘ഇൻ-കൺവേഴ്‌സേഷൻ’ സെഷനിലാണ് ഇരുവരും പങ്കെടുക്കുക.

പ്രിയങ്കയുടെ സെഷൻ വൈകുന്നേരം 5 മണിക്ക് നടക്കുമ്പോൾ നിക്കിന്റെ ഉച്ചകഴിഞ്ഞ് 3.15നാണ് സംഘടിപ്പിച്ചിട്ടുള്ളത്. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും അഞ്ച് ഫിലിംഫെയർ അവാർഡുകളും ഉൾപ്പെടെയുള്ള അംഗീകാരങ്ങളോടെ ഇന്ത്യയിലെ ഏറ്റവും പ്രശസ്തയായ അഭിനേതാക്കളിൽ ഒരാളാണ് പ്രിയങ്ക ചോപ്ര ജോനാസ്.

2016-ൽ പത്മശ്രീ നൽകി ആദരിക്കപ്പെട്ട നടി ടൈം മാഗസിന്റെ ഏറ്റവും സ്വാധീനമുള്ള 100 ആളുകളുടെ പട്ടികയിലും ഫോർബ്‌സിൻ്റെ ലോകത്തിലെ ഏറ്റവും ശക്തരായ 100 സ്ത്രീകളിലും അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന് ഫിലിം ഫെസ്റ്റിവലിൻ്റെ ഔദ്യോഗിക എക്സ് പേജിലെ നടിയുടെ പ്രൊഫൈൽ വിവരണത്തിൽ കുറിച്ചിട്ടുണ്ട്.

സിറ്റാഡൽ എന്ന വെബ് സീരീസിനും ഒപ്പം “ഫാഷൻ”, “ബാജിറാവു മസ്താനി”, “ബേവാച്ച്” എന്നിവയുൾപ്പെടെയുള്ള സിനിമകൾക്കും പേരുകേട്ട പ്രിയങ്ക, വ്യവസായങ്ങളിലും പ്രാതിനിധ്യം നേടി ആഗോള സിനിമയെയും സംസ്കാരത്തെയും രൂപപ്പെടുത്തുന്നത് തുടരുന്നുവെന്നും അതിൽ പറയുന്നു.

അതേ സമയം ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശം ചെയ്യപ്പെട്ട അമേരിക്കൻ ഗായകനും ഗാനരചയിതാവും നടനുമായ നിക്ക്, ജോനാസ് ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന തൻ്റെ മൂത്ത സഹോദരന്മാരായ ജോ, കെവിൻ എന്നിവരുമായി ഒരു ബാൻഡ് രൂപീകരിക്കുന്നതിന് മുമ്പ് ഏഴാമത്തെ വയസ്സിൽ നാടകവേദിയിൽ അഭിനയിക്കാൻ തുടങ്ങിയെന്ന് അദ്ദേഹത്തിനെപ്പറ്റിയുള്ള വിവരണത്തിൽ സംഘാടകർ എക്സിൽ കുറിച്ചിട്ടുണ്ട്.

നേരത്തെ ബോളിവുഡ് താരങ്ങളായ ആമിർ ഖാൻ, കരീന കപൂർ ഖാൻ, രൺബീർ കപൂർ എന്നിവരെ റെഡ് സീ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2024 ൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നു. ഡിസംബർ 14ന് ഫെസ്റ്റിവൽ സമാപിക്കും.