ഗണപതിയുടെ ചിത്രങ്ങൾ പ്രിന്റ് ചെയ്തത് അടിവസ്ത്രത്തിലും ചെരിപ്പിലും സ്വിമ്മിംഗ് സ്യൂട്ടിലും: വാൾമാർട്ടിനെതിരെ പ്രതിഷേധം
വാഷിംഗ്ടൺ: ഗണപതിയുടെ ചിത്രങ്ങൾ പ്രിന്റ് ചെയ്ത അടിവസ്ത്രങ്ങളും ചെരിപ്പുകളും ഉൾപ്പെടെ വിൽപ്പനയ്ക്കെത്തിയതിന് പിന്നാലെ അമേരിക്കയിൽ പ്രതിഷേധം ശക്തമാകുന്നു. അമേരിക്കയിലെ ബഹുരാഷ്ട്ര റീട്ടെയിൽ സ്ഥാപനമായ വാൾമാർട്ടാണ് അടിവസ്ത്രങ്ങളിലും ചെരിപ്പുകളിലും ഉൾപ്പെടെ ഗണപതിയുടെ ചിത്രം പ്രിന്റ് ചെയ്ത് വിപണിയിലെത്തിച്ചിരിക്കുന്നത്. ഗണപതിയുടെ ചിത്രങ്ങൾ പ്രിന്റ് ചെയ്ത ചെരിപ്പുകൾ, അടിവസ്ത്രങ്ങൾ, സ്വിമ്മിംഗ് സ്യൂട്ടുകൾ എന്നിവയാണ് വിപണിയിലെത്തിയത്.
സംഭവത്തിൽ പ്രതിഷേധം അറിയിച്ച് അമേരിക്കയിലെ ഹിന്ദു സംഘടനകൾ രംഗത്തെത്തി. വാൾമാർട്ടിന്റെ നടപടി ഹിന്ദു സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തുന്നതാണെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം അജ്ഞത നിറഞ്ഞ പ്രവർത്തിയുടെ പിന്നിൽ സംസ്‌കാരത്തേയും വിശ്വാസത്തേയും കുറിച്ചുള്ള അറിവില്ലായ്മയാണെന്നും ഉപയോക്താക്കൾ കുറ്റപ്പെടുത്തുന്നു. ഇത്തരത്തിലുള്ള വസ്തുക്കൾ വിൽപ്പന നടത്തുന്നത് അടിയന്തരമായി നിർത്താൻ വാൾമാർട്ട് തയ്യാറാകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം, പ്രതിഷേധം വ്യാപകമായതോടെ ഗണപതിയുടെ ചിത്രങ്ങൾ പ്രിന്റ് ചെയ്ത ചില ഉത്പന്നങ്ങൾ വാൾമാർട്ട് പിൻവലിച്ചു. സ്ലിപ്പറുകൾ, സോക്‌സുകൾ, അടിവസ്ത്രങ്ങൾ തുടങ്ങിയ നിരവധി വസ്തുക്കൾ വാൾമാർട്ട് അവരുടെ സൈറ്റിൽ നിന്ന് എടുത്തുമാറ്റിയിരുന്നു. എന്നാൽ ഗണപതിയുടെ ചിത്രം പ്രിന്റ് ചെയ്ത സ്വിമ്മിംഗ് സ്യൂട്ടുകൾ പോലുള്ളവയുടെ വിൽപ്പന ഇപ്പോഴും തുടരുകയാണ്. ഇവ കൂടി വിപണിയിൽ നിന്നും പിൻവലിക്കണമെന്നാണ് ഹിന്ദു സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.