തലൈവർക്ക് ഇന്ന് 74-ാം ജന്മദിനം : ആഘോഷമാക്കി ആരാധകർ : ദളപതി ഇന്ന് റീ റിലീസ് ചെയ്യും


ചെന്നൈ : സ്റ്റൈൽ മന്നൻ രജനികാന്തിന് ഇന്ന് 74-ാം ജന്മദിനം. ബോളിവുഡ് മുതൽ കോളിവുഡ് വരെയുള്ള സിനിമ താരങ്ങളും രാഷ്ട്രീയ നേതാക്കളും മറ്റ് വിശിഷ് വ്യക്തികളും അദ്ദേഹത്തിന് ആശംസകൾ നേർന്നു.

വില്ലനിൽ തുടങ്ങി സഹനടൻ, ഹീറോ, സ്റ്റാർ, സ്റ്റെൽ മന്നൻ, സൂപ്പർ സ്റ്റാർ, തലൈവർ എന്നിങ്ങനെ നിരവധി ബിംബങ്ങളിലൂടെ ജനഹൃദയങ്ങളിൽ കയറിക്കൂടിയ മഹാ നടനാണ് അദ്ദേഹം. 1975ൽ പുറത്തിറങ്ങിയ അപൂർവ രാഗങ്ങൾ എന്ന ചിത്രത്തിലൂടെ കമൽ ഹാസനൊപ്പം തുടങ്ങിയ സിനിമാ ജീവിതം
ഇന്നും തുടരുന്നു.

തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിൽ നൂറ് കണക്കിന് ചിത്രങ്ങളിൽ സാന്നിധ്യം തെളിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. വേട്ടയ്യൻ ആണ് രജനികാന്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. തിയറ്ററുകളിൽ ചിത്രം വിജയിക്കുകയും ചെയ്തു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയാണ് രജനികാന്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.

സ്റ്റൈലിനും ഡാൻസിനും ആക്ഷനും വരെ പ്രത്യേകം ആരാധകരുള്ള രജനികാന്തിന് ജപ്പാനിലടക്കം വൻ ആരാധകരെ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. 1995ൽ പുറത്തിറങ്ങിയ മുത്തു എന്ന ചിത്രം ജാപ്പനീസ് ഭാഷയിൽ ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രമായിരുന്നു. അന്ന് മുത്തു ജപ്പാനിൽ നേടിയ കളക്ഷൻ പിന്നീട് ഇറങ്ങിയ ഇരു ഇന്ത്യൻ സിനിമക്കും ജപ്പാനിൽ തകർക്കാൻ സാധിച്ചില്ല.

അതേ സമയം രജനികാന്തിന്‍റെ പിറന്നാളിനോട് അനുബന്ധിച്ച് സൂപ്പർ ഹിറ്റം പടം ‘ദളപതി’ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുകയാണ്. ഇന്ന് ലോകത്തെമ്പാടുമുള്ള തിയേറ്ററുകളിൽ ‘ദളപതി’ റീ റിലീസ് ചെയ്യും. ബുക്ക് മൈ ഷോയിൽ വരെ ദളപതിയുടെ ടിക്കറ്റ് ബുക്കിംഗിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ 8000 ല്‍ കൂടുതൽ ദളപതിയുടെ റീ റിലീസ് ടിക്കറ്റുകളാണ് വിറ്റത്.