കാബൂൾ : അഫ്ഗാനിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങളിൽ പാക്കിസ്ഥാന്റെ വ്യോമാക്രമണം. പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള പക്തിക പ്രവിശ്യയിലെ പർവതപ്രദേശത്താണ് ആക്രമണം ഉണ്ടായതെന്ന് അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 15 പേർ കൊല്ലപ്പെട്ടതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. അതേ സമയം പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തെ താലിബാന്റെ പ്രതിരോധ മന്ത്രാലയം അപലപിച്ചു. ആക്രമണത്തിൽ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
താലിബാനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് പാക്കിസ്ഥൻ മാധ്യമങ്ങളുടെ റിപ്പോർട്ട്. ആക്രമണത്തിൽ താലിബാന്റെ ചില പരിശീലന കേന്ദ്രങ്ങൾ തകർത്തതായും ചില ഭീകരരും കൊല്ലപ്പെട്ടതായും പാക്ക് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു.
അതേ സമയം സാധാരണക്കാരെ ലക്ഷ്യം വച്ചുള്ളതായിരുന്നു പാക്കിസ്ഥാന്റെ ആക്രമണമെന്നും ഇരകളിൽ ഭൂരിഭാഗവും വസീറിസ്ഥാൻ മേഖലയിൽ നിന്നുള്ള അഭയാർഥികളാണെന്നും താലിബാൻ പറഞ്ഞു. വ്യോമാക്രമണത്തെ ഭീരുത്വം എന്നാണ് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം വിശേഷിപ്പിച്ചത്.
അഫ്ഗാനിസ്ഥാനിലെ പാക്കിസ്ഥാൻ പ്രതിനിധി മുഹമ്മദ് സാദിഖ് കാബൂളിൽ താലിബാൻ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണം ഉണ്ടായത്.